നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അനാച്ഛാദനം ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിലാണ് ഇന്ത്യാ ഗേറ്റിൽ ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചത്.
നേതാജിയുടെ, ഗ്രാനൈറ്റിൽ തീർത്ത പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഗ്രാനൈറ്റ് പ്രതിമ പൂർത്തിയായാൽ ഹോളോഗ്രാം പ്രതിമയ്ക്ക് പകരം ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കും.
പ്രതിമ അനാച്ഛാദന ചടങ്ങിൽ 2019, 2020, 2021, 2022 വർഷങ്ങളിലെ ‘സുഭാഷ് ചന്ദ്രബോസ് ആപ്‌ദ പ്രബന്ധൻ പുരസ്‌കാരവും’ പ്രധാനമന്ത്രി സമ്മാനിച്ചു. ആകെ ഏഴ് പുരസ്‌കാരങ്ങളാണ് ചടങ്ങിൽ സമ്മാനിച്ചത്.
ദുരന്തനിവാരണ രംഗത്ത് ഇന്ത്യയിലെ വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സംഭാവനകൾക്കാണ് കേന്ദ്ര സർക്കാർ വാർഷിക അവാർഡ് ഏർപ്പെടുത്തിയത്.
സ്വാതന്ത്ര്യസമരത്തിന് സുഭാഷ് ചന്ദ്രബോസ് നൽകിയ മഹത്തായ സംഭാവനകൾക്കുള്ള ഉചിതമായ ആദരവും രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാടിന്റെ പ്രതീകവും ആയിരിക്കും പ്രതിമയെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.
30,000 ല്യൂമെൻസ് ഫോർകെ പ്രൊജക്ടറിനാലാണ് ഹോളോഗ്രാം പ്രതിമ പ്രദർശിപ്പിക്കുന്നത്. 90 ശതമാനം സുതാര്യമായ ഹോളോഗ്രാഫിക് സ്‌ക്രീൻ സന്ദർശകർക്ക് ദൃശ്യമാകാത്ത വിധത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
ഒരു ഹോളോഗ്രാമിന്റെ പ്രഭാവം സൃഷ്ടിക്കുന്നതിനായി നേതാജിയുടെ ത്രീഡി ചിത്രം ആ സ്ക്രീനിൽ പ്രൊജക്റ്റ് ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.
28 അടി ഉയരവും ആറ് അടി വീതിയുമുള്ളതാണ് പ്രതിമ.