ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തി വെറും രണ്ട് കോടി രൂപയോളം മാത്രമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍. 50,000 രൂപയ്ക്ക് താഴെ മാത്രമാണ് പണമായി കൈയില്‍ സൂക്ഷിച്ചിരിക്കുന്നത്. 1 കോടി 19 ലക്ഷം രൂപയാണ് ബാങ്കില്‍ നിക്ഷേപമായി ഉളളത്. ഗാന്ധിനഗറിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ 1 കോടി രൂപയുടെ ഓഹരി മോദിക്കുണ്ട്. 2002ല്‍ 1.30 ലക്ഷം രൂപയ്ക്കായിരുന്നു മോദി ഇത് വാങ്ങിയത്.
അദ്ദേഹത്തിന്റെ പേരില്‍ വാഹനങ്ങള്‍ ഒന്നും തന്നെ വാങ്ങിയിട്ടില്ല. കൂടാതെ അദ്ദേഹം വായ്പയൊന്നും എടുത്തിട്ടില്ല. 2018 മാര്‍ച്ച് 31ലെ കണക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്. നിക്ഷേപമുളളതില് 11 ലക്ഷം രൂപ എസ്ബിഐയിലാണ്.
1 കോടി 8 ലക്ഷം രൂപയോളം നിക്ഷേപം മറ്റൊരു എസ്ബിഐ അക്കൗണ്ടിലുമുണ്ട്. ഇന്‍ഷുറന്‍സ് തുകയായി 1,59,281 രൂപയുണ്ട്. നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റില്‍ 5,18,235 രൂപയാണുളളത്. വെറും നാല് മോതിരങ്ങളാണ് സ്വര്‍ണാഭരണങ്ങളായി അദ്ദേഹത്തിന്റെ പക്കലുളളത്. 1,38,060 രൂപ വില വരുന്നതാണ് സ്വര്‍ണ മോതിരങ്ങള്‍. 2014 –15 വർഷം 1.41 കോടി ആയിരുന്നു മോദിയുടെ ആസ്തി.