ന്യൂഡല്‍ഹി: നെഹ്‌റുവിന്റെ ഇന്ത്യയെ പ്രധാനമന്ത്രി നേരന്ദ്രമോദി കുഴിച്ചുമൂടിയെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളെല്ലാം ഡോവലിന്റെ പദ്ധതികള്‍ അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ആറിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രൂപികരിച്ച കശ്മീര്‍ കമ്മിറ്റിയുടെ ആദ്യ യോഗമായിരുന്നു ഇന്ന് നടന്നത്. പാക്കിസ്ഥാനിലെ എല്ലാ ഇന്‍സ്റ്റിറ്റിയൂഷനിലേയും പ്രതിനിധികള്‍ കമ്മിറ്റിയിലുണ്ടെന്നും ഖുറേഷി പറഞ്ഞു.

Read More: ഭീകരവാദികൾക്ക് 370-ാം വകുപ്പ് ഒരു കവചമായിരുന്നു: കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്

വിഷയത്തില്‍ മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ചും കമ്മിറ്റി ചര്‍ച്ച ചെയ്തു. കശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം യുഎന്നിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച ഫലം കാണാതെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.

അതേസമയം, നിയന്ത്രണ രേഖയ്ക്കടുത്തുള്ള രജൗരി മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. ലാന്‍സ് നായിക് സന്ദീപ് താപയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് ആക്രമണം. തോക്കും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണമെന്ന് സൈനിക വക്താവ് അറിയിച്ചു.

Also Read: പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു;​ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ഉണ്ട്. രണ്ട് ദിവസം മുമ്പ് നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook