ന്യൂഡൽഹി: പ്രധാനമന്ത്രി കസേരയിൽ അപൂർവനേട്ടം സ്വന്തമാക്കി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയിൽ മോദി നാലാം സ്ഥാനത്തെത്തി.
ബിജെപി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിയെ മറികടന്നാണ് മോദി നാലാം സ്ഥാനത്തെത്തിയത്. ഇപ്പോൾ മോദിക്ക് മുൻപിലുള്ളത് മൂന്ന് കോൺഗ്രസ് പ്രധാനമന്ത്രിമാർ മാത്രം.

വാജ്‌പേയ് 2,268 ദിവസമാണ് മൂന്ന് ടേമുകളിലായി പ്രധാനമന്ത്രി കസേരയിലിരുന്നത്. വ്യാഴാഴ്‌ചയോടെ നരേന്ദ്ര മോദി ഇതു മറികടന്നു. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി കസേരയിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രിയെന്ന വിശേഷണവും ഇനി മോദിക്ക് സ്വന്തം.
Read Also: രാമജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കോവിഡ്; മോദിക്കൊപ്പം വേദി പങ്കിട്ടു
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് പ്രധാനമന്ത്രി കസേരയിൽ ഏറ്റവും കൂടുതൽ കാലം ഉണ്ടായിരുന്നത്. ഇന്ദിര ഗാന്ധി രണ്ടാമതും മൻമോഹൻ സിങ് മൂന്നാമതുമാണ്. ഇവർക്കു ശേഷമാണ് ഇപ്പോൾ മോദിയുടെ സ്ഥാനം.

നെഹ്‌റു 17 വർഷത്തോളം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്ദിര ഗാന്ധി വിവിധ ടേമുകളിലായി 11 വർഷം പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നു. 2004 മുതൽ 2014 വരെ കാലഘട്ടത്തിലാണ് മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നത്.
രാജ്യത്തിന്റെ 14-ാമത്തെ പ്രധാനമന്ത്രിയായി 2014 മെയ് 26-നാണ് നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത്. 2019 മെയ് 30 ന് അധികാര തുടർച്ച ലഭിച്ചു. ഓഗസ്റ്റ് 15 ശനിയാഴ്‌ച ഇന്ത്യ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. നരേന്ദ്ര മോദി ഏഴാം തവണയാണ് ചെങ്കോട്ടയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്താൻ പോകുന്നത്.