ന്യൂഡൽഹി: 2019 ലെ പൊതു തിരഞ്ഞെടുപ്പിലും മോദി സർക്കാർ ഭരണം നേടുമെന്ന് യുഎസ് വിദഗ്ധർ. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം അബദ്ധത്തിൽ സംഭവിച്ചതല്ലെന്നാണ് യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മികച്ച വിജയം കാണിക്കുന്നതെന്ന് യുഎസിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആൻഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ ആദം സീഗ്ഫീല്‍ഡ് പറഞ്ഞു. ഇതിനു മുൻപ് ബിഎസ്‌പിയും സമാജ്‌വാദി പാർട്ടിയും നേടിയ വിജയത്തെക്കാൾ വലിയ വിജയമാണ് ബിജെപി നേടിയതെന്നും അദ്ദേഹം പറഞ്ഞു.

2019 ലെ തിരഞ്ഞെടുപ്പിൽ മോദി സർക്കാർ ഭരത്തിലെത്തുമെന്ന വ്യക്തമായ സൂചനയാണ് യുപിയിൽ ബിജെപിയുടെ വിജയം നൽകുന്നതെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ സദാനന്ദ് ദുമെ പറഞ്ഞു. 2019 തിരഞ്ഞെടുപ്പും മോദി ആയിരിക്കും മുന്നിൽനിന്നും നയിക്കുക. അഴിമതിയും കളളപ്പണവും ഇല്ലാതാക്കാൻ മോദി നടപ്പിലാക്കിയ നോട്ട് നിരോധന നടപടി ജനങ്ങളുടെ മനം കവർന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായെങ്കിലും മോദിയുടെ തീരുമാനത്തെ അവർ അംഗീകരിച്ചതിന്റെ തെളിവാണ് യുപിയിലെ ബിജെപിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇര്‍ഫാര്‍ നൂറുദ്ദീന്‍ പറഞ്ഞു. ഓരോ സംസ്ഥാനത്തും ചിട്ടയായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപി നടത്തുന്നത്. എന്നാൽ ഇതു ചെയ്യുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. ശക്തമായ പ്രതിപക്ഷ പാർട്ടിയുളള സംസ്ഥാനത്തിനെക്കാൾ ശക്തി കുറഞ്ഞ ഒന്നിലേറെ പ്രതിപക്ഷ കക്ഷികളുളള സംസ്ഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം നേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ