ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിൽ കഴിഞ്ഞ ഒന്നരവർഷം ഡോക്ടർമാർ നൽകിയ സേവനം മാതൃകാപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്ത് ഡോക്ടർമാർ നടത്തിയ പ്രവർത്തനത്തിന് എല്ലാ ഇന്ത്യക്കാർക്കും വേണ്ടി പ്രധാനമന്ത്രി നന്ദി പറഞ്ഞു, തങ്ങളുടെ കടമ നിർവഹിക്കുന്നതിനിടയിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നവർക്ക് മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ ഒന്നര വർഷമായി ഡോക്ടർമാർ നൽകുന്ന സേവനം മാതൃകാപരമാണ്; 130 കോടി ഇന്ത്യക്കാർക്ക് വേണ്ടി ഞാൻ അവർക്ക് നന്ദി പറയുന്നു..നമ്മുടെ ഡോക്ടർമാർ, അവരുടെ അറിവും അനുഭവവും ഈ വൈറസിനെ നേരിടാൻ നമ്മളെ സഹായിക്കുന്നു” പ്രധാനമന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലക്ക് സർക്കാർ കൂടുതൽ ഊന്നൽ നൽകിയെന്നും, ബഡ്ജറ്റിലെ വിഹിതം ഇരട്ടിയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. “ആരോഗ്യ സൗകര്യങ്ങളുടെ അഭാവമുള്ള പ്രദേശങ്ങളിൽ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 50,000 കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ഞങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെ സമയത്ത് ഡോക്ടർമാർക്ക് എതിരെ നടന്ന ആക്രമങ്ങളെ കുറിച്ചു പരാമർശിച്ച അദ്ദേഹം, ഡോക്ടർമാരുടെയും മറ്റു ആരോഗ്യപ്രവർത്തകരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് വ്യക്തമാക്കി.
Read Also: കോവിഡ് രണ്ടാം തരംഗത്തിൽ 800 ഡോക്ടർമാർ മരിച്ചതായി ഐഎംഎ
ഡോക്ടേഴ്സ് ദിനത്തിൽ, വാക്സിന്റെ ഗുണങ്ങളെ കുറിച്ചും, നേരത്തെയുള്ള രോഗ നിർണയവും പ്രത്യേക ചികിത്സകളെ സംബന്ധിച്ചുമുള്ള ഡോക്യൂമെന്റേഷനുകൾ നടത്താനും, ഗവേഷണങ്ങൾ നടത്താനും അഭ്യർത്ഥിച്ചു.
നേരത്തെ പ്രധാനമന്ത്രി മോദി ഡോക്ടർമാരെ ട്വിറ്ററിൽ അഭിവാദ്യം ചെയ്യുകയും വൈദ്യശാസ്ത്ര ലോകത്ത് ഇന്ത്യയുടെ മുന്നേറ്റം പ്രശംസനീയമാണെന്നും അത് ലോകത്തെ ആരോഗ്യകരമാക്കിയെന്നും പറഞ്ഞിരുന്നു.