ന്യൂഡല്‍ഹി: സോഷ്യൽ മീഡിയയിലും പുറത്തും മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാറിന്റെ പ്രധാന വിമർശകരിലൊരാളാണ് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. മികച്ച വാഗ്മി കൂടിയായ ശശി തരൂർ ആയിരിക്കണം യുപിഎയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ക്യാംപെയ്നുകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. തരൂരിനിട്ട് പണി കൊടുക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ബിജെപിയും പാഴാക്കാറില്ല . കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ശശി തരൂരിനെ തങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വരുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശശി തരൂര്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ അതേ വാക്കുകൾ ‘സ്കൂട്ടാക്കി’യിരിക്കുകയാണിപ്പോൾ നരേന്ദ്ര മോഡി. അതിഥികളെ സ്വീകരിക്കുമ്പോള്‍ ബൊക്കെ  നല്‍കുന്നത് സംബന്ധിച്ച് തരൂര്‍ പറഞ്ഞ കാര്യമാണ് പ്രധാനമന്ത്രിയും ഇന്നലെ പറഞ്ഞത്.

അതിഥികളെ സ്വീകരിക്കാനായി പൂക്കളെ ‘കൂട്ടക്കൊല’ ചെയ്യരുതെന്നും ഇനി വരുമ്പോള്‍ സ്വീകരിക്കുന്നതിനായി തനിക്ക് പുസ്തകം തന്നാല്‍ മതിയെന്നുമാണ് ശശി തരൂര്‍ ജനുവരിയില്‍ പറഞ്ഞത്. ഇതേ കാര്യമാണ് പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വീകരിക്കാനായി ബൊക്കെകള്‍ക്ക് പകരം ഒരു പുസ്തകം നല്‍കണമെന്നും അത്തരമൊരു നീക്കം വലിയ മാറ്റം ഉണ്ടാക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

എന്നാല്‍ ശശി തരൂര്‍ തെളിവ് സഹിതം പ്രധാനമന്ത്രിയുട ഈ ‘മോഷണം’ പിടിച്ചിരിക്കുകയാണ്. മാത്രമല്ല ഫെയ്സ്ബുക്കിലൂടെ പ്രധാനമന്ത്രിയെ നൈസായി ട്രോളാനും തരൂർ മറന്നില്ല.

ശശി തരൂരിനെ ഉദ്ധരിച്ച് ദി മണിപ്പാല്‍ ജേര്‍ണല്‍ ജനുവരി 20-ന് ചെയ്ത ട്വീറ്റും, നരേന്ദ്രമോഡിയെ ഉദ്ധരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്ത ട്വീറ്റുമാണ് ശശി തരൂര്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് കോപ്പിയടിയാണെന്ന ആരോപണമൊന്നും തരൂര്‍ ഉന്നയിച്ചില്ല. ‘ചില മനസുകള്‍ ഒരു പോലെയാണ് ചിന്തിക്കുക’ എന്നാണ് ശശി തരൂര്‍ പോസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി താന്‍ തിരുവനന്തപുരത്ത് പറയുന്ന കാര്യമാണ് ഇതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook