ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 പൂര്‍ണ്ണമായും ദൗത്യത്തില്‍ വിജയം കണ്ടില്ലെങ്കിലും രാജ്യം മുഴുവന്‍ ഇസ്റോയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്കൊപ്പമാണ്. ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ആത്മവിശ്വാസം കൈവെടിയെരുതെന്നും ശസ്ത്രജ്ഞരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. അതിനിടയിലാണ് ഏറെ വൈകാരികമായ ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഇസ്റോ ചെയര്മാന് ഡോ.കെ.ശിവനെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയാണിത്. ഇതില്‍ നരേന്ദ്ര മോദി ഡോ.കെ.ശിവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നത് കാണാം. ചന്ദ്രയാന്‍ ദൗത്യം പൂര്‍ണ്ണ വിജയത്തിലെത്താത്തതില് സങ്കടപ്പെടുന്ന ഡോ.കെ.ശിവനെയും വീഡിയോയില്‍ കാണാം. നരേന്ദ്ര മോദിക്കരികില്‍ നിന്ന് അദ്ദേഹം തേങ്ങുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. താങ്കള്‍ ഒറ്റയ്ക്കല്ല, ഈ രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന തലക്കെട്ടോടെയാണ് പലരും ഇപ്പോള്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്.
രാജ്യത്തെ ശാസ്ത്രജ്ഞൻമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിനന്ദിച്ചിരുന്നു. രാജ്യത്തിന്റെ അഭിനന്ദനം അവർ അർഹിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു. ചന്ദ്രയാൻ-2 ദൗത്യത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗത്യം വിജയം കാണാത്തതിൽ വിഷമിക്കരുതെന്നും കൂടുതൽ ഊര്‍ജ്ജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും നരേന്ദ്ര മോദി പറഞ്ഞു.
Read Also: രാജ്യത്തിന്റെ അഭിനന്ദനം നിങ്ങൾ അർഹിക്കുന്നു; ഐ സല്യൂട്ട് യൂ: നരേന്ദ്ര മോദി
രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ശാസ്ത്രജ്ഞർ. തടസ്സങ്ങളിൽ നിരാശരാകരുത്. ആത്മവിശ്വാസം തകരരുത്. കരുത്തോടെ മുന്നോട്ടുപോകാൻ സാധിക്കണം. ചന്ദ്രയാൻ ദൗത്യം പരാജയപ്പെട്ടതിൽ തളരരുത്. കൂടുതൽ മികച്ച അവസരങ്ങൾ കാത്തിരിക്കുന്നു എന്നും നരേന്ദ്ര മോദി ശാസ്ത്രജ്ഞൻമാരോട് പറഞ്ഞു.
“കഴിഞ്ഞ കുറേ മണിക്കൂറുകളായി രാജ്യത്തെ ശാസ്ത്രജ്ഞര്‍ കടന്നുപോയ നിമിഷങ്ങള്‍ എത്രത്തോളമാണെന്ന് അറിയാം. നമ്മുടെ ബഹിരാകാശ പദ്ധതികളെ കുറിച്ച് നമുക്ക് അഭിമാനിക്കാം. നമ്മള് കുതിച്ചുയരും. വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തും. രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. രാജ്യത്തിന് അതുല്യമായ സംഭാവനകള്‍ നല്കിയവരാണ് നിങ്ങള്‍.” ശസ്ത്രജ്ഞൻമാരെ പുകഴ്ത്തി നരേന്ദ്ര മോദി പറഞ്ഞു.
പരാജയങ്ങളിൽ നിന്ന് തിരിച്ചുകയറി കൂടുതൽ ശക്തമായി മുന്നോട്ടുപോയവരാണ് നമ്മൾ. നമ്മുടെ യാത്രയെ പിന്നോട്ടുവലിക്കുന്ന കുറേ സംഭവങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവിടെ നിന്നെല്ലാം തിരിച്ചെത്തി നമ്മൾ കൂടുതൽ ഉയരങ്ങളിലേക്ക് കയറിയെന്നും നരേന്ദ്ര മോദി പറഞ്ഞു.
“ജീവിതത്തില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാകും. നിങ്ങള്‍ ഇപ്പോള്‍ നേടിയിരിക്കുന്ന നേട്ടം ഒരു ചെറിയ കാര്യമല്ല. രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. നല്ലതിനായി പ്രതീക്ഷയര്‍പ്പിക്കുന്നു. നിങ്ങളെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. രാജ്യത്തിനായി നിങ്ങള്‍ വലിയ കാര്യമാണ് ചെയ്തിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട്. ധൈര്യമായി മുന്നോട്ട് പോകൂ.” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.