ന്യൂഡല്‍ഹി: അസമിലേക്കുളള അനധികൃത കുടിയേറ്റ വിഷയത്തില്‍ 2012ല്‍ ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഇതനെ പ്രതിപക്ഷത്തെ നയിച്ചത് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനി ആയിരുന്നു. പ്രമേയം മാറ്റ വെക്കുന്നതിനെതിരെ മന്‍മോഹന്‍ സിങ്ങ് നയിച്ച യുപിഎ സര്‍ക്കാര്‍ ശക്തമായി പ്രതിരോധിച്ചു. അന്ന് അദ്വാനി നടത്തിയ പ്രസംഗം 5000 വാക്കുകളിലായിരുന്നു. 50ഓളം തവണ സഭയില്‍ തടസ്സം നേരിട്ടെങ്കിലും അദ്വാനി പ്രസംഗം തുടര്‍ന്നു.

അന്ന് മാറ്റിവെക്കാനുളള പ്രമേയം പരാജയപ്പെട്ടെങ്കിലും അദ്വാനിയുടെ പ്രസംഗം മുഴങ്ങി നിന്നു. ആറ് വര്‍ഷത്തിന് ശേഷം ഇന്ന് ലോക്സഭയിലും പ്രക്ഷുബ്ധമായ സംവാദമാണ് നടന്നത്. പൗരത്വ ഭേദഗതി ബില്ലിലാണ് ഇന്ന് സഭയില്‍ ചര്‍ച്ച നടന്നത്. ബില്‍ പാസാക്കുകയാണെങ്കില്‍ അസമിലെ ജനതയുടെ സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

ബില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തപ്പോള്‍ അദ്വാനി ലോക്സഭയില്‍ ഉണ്ടായിട്ടും അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. ആറ് വര്‍ഷത്തിനിടയ്ക്ക് ബിജെപിയിലും അദ്വാനിയുടെ സ്ഥാനത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷ കാലത്തിനിടയ്ക്ക് വെറും 365 വാക്കുകള്‍ മാത്രമാണ് അദ്വാനി പാര്‍ലമെന്റില്‍ മിണ്ടിയത്. 2014 ഡിസംബര്‍ 19നാണ് അദ്വാനി 365 വാക്കുകള്‍ സംസാരിച്ചത്. അതിന് ശേഷം അദ്ദേഹം മിണ്ടിയിട്ടില്ല. 92 ശതമാനം ഹാജര്‍ ഉണ്ടായിരിക്കെയാണ് അദ്ദേഹം ഒന്നും മിണ്ടാതിരുന്നത്.

ഇത് സംബന്ധിച്ച രേഖകള്‍ ലോക്സഭയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009-2014 കാലയളവിനിടയിലെ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിന്നും 99 ശതമാനം ഇടിവാണ് ഇതിലൂടെ കാണിക്കുന്നത്. 2009-2014നും ഇടയില്‍ 42 ചര്‍ച്ചകളില്‍ പങ്കെടുത്ത അദ്ദേഹം 35,926 വാക്കുകള്‍ ഉച്ഛരിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ