ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്ത് സമ്മർദമുണ്ടായാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. എല്ലാ സമ്മർദങ്ങൾക്കിടയിലും തങ്ങളുടെ സർക്കാർ നേരത്തെ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് മോദി വ്യക്‌തമാക്കി. വാരണാസിയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

“കശ്‌മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്‌തതായാലും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതായാലും അതെല്ലാം രാജ്യതാൽപര്യത്തിനു വേണ്ടിയാണ്. എത്ര തന്നെ സമ്മർദമുണ്ടായലും ഇക്കാര്യങ്ങളിൽ സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കും. അതിനിയും അങ്ങനെ തന്നെയായിരിക്കും.” നരേന്ദ്ര മോദി പറഞ്ഞു

Read Also: ജംബോ സര്‍വീസുമായി എയര്‍ ഇന്ത്യ കരിപ്പൂരിലേക്ക്; ആദ്യ വിമാനം ഇന്ന് ജിദ്ദയില്‍നിന്ന് പുറപ്പെടും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിലും ജെഎൻയുവിലും നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി പ്രധാനമന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങൾ ഗൂഢാലോചനയിൽ നിന്നുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പലരും രാഷ്ട്രീയം കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

“രാഷ്ട്രീയ വിദ്വേഷത്താൽ ഇന്ത്യ നയിക്കപ്പെടാൻ പാടില്ല. നിയമത്തിനെതിരെ മാത്രമായിരുന്നു പ്രതിഷേധമെങ്കിൽ കേന്ദ്ര സർക്കാരിൽ നിന്ന് ഉറപ്പു ലഭിച്ച ശേഷം പ്രതിഷേധങ്ങൾ അവസാനിക്കേണ്ടതായിരുന്നു. ആം ആദ്‌മിയും കോൺഗ്രസും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവർ ജനങ്ങളെ പ്രകോപിപ്പിക്കുന്നു. ഭരണഘടനയും ത്രിവർണ പതാകയും മുന്നിൽവച്ചാണ് പ്രതിഷേധം. ജനങ്ങളുടെ ശ്രദ്ധ ലഭിക്കാൻ വേണ്ടി മാത്രമാണിത്. ഇതിനെല്ലാം പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്.” നരേന്ദ്ര മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook