ന്യൂഡല്‍ഹി: രണ്ടാം തവണ അധികാരത്തിലെത്തിയിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ പോരായ്മ മറികടക്കാനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യമാക്കിയാണ് പുതിയ നീക്കം.
ഔദ്യോഗികമായ അറിയിപ്പുകള്‍ ഇല്ലെങ്കിലും ഈ ആഴ്ച അവസാനത്തോടെ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ജൂലൈ 19 നാണ് ആരംഭിക്കുന്നത്.
പ്രധാനപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി കഴിഞ്ഞ മാസം പദ്ധതി രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുതിര്‍ന്ന മന്ത്രിമാരും പാര്‍ട്ടി നേതൃത്വവുമായി മോദി ചര്‍ച്ചകളും നടത്തി. ഭൂരിഭാഗം യോഗങ്ങളിലും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ സാന്നിധ്യവുമുണ്ടായിരുന്നു.
കോവിഡ് സാഹചര്യം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമായിരുന്നു, ഇത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെയും ഉത്തര്‍പ്രദേശിലെ രാഷ്ടീയ സാഹചര്യത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തര്‍ പ്രദേശില്‍ ബിജെപിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് പാർട്ടി നേതാക്കളിൽ ഒരു വിഭാഗം യോഗി ആദിത്യനാഥ് സർക്കാരിനെതിരെ സംസാരിച്ചിരുന്നു. അതിനാല്‍ പുനഃസംഘടനയില്‍ കൂടുതല്‍ ജാഗ്രതയുണ്ടാകും.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളെയും പരിഗണിച്ചുകൊണ്ടായിരിക്കും മന്ത്രിസഭാ വികസനം.
പോയ രണ്ടു വര്‍ഷത്തെ രാഷ്ട്രീയ സാഹചര്യങ്ങളും മന്ത്രിസഭാ പുനഃസംഘടനയെന്ന ചിന്തയെ സ്വാധീനിച്ചിരിക്കാമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ജോതിരാദിത്യ സിന്ധ്യയുടെ പാര്‍ട്ടിയിലേക്കുള്ള വരവ് മധ്യപ്രദേശില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാൻ സഹായിച്ചു. മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ മോദി സര്‍ക്കാരില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്.
മോദിക്ക് മന്ത്രിസഭയില്‍ 81 അംഗങ്ങളെ വരെ ഉള്‍പ്പെടുത്താം. മന്ത്രിസഭയില്‍ നിലവില്‍ 53 പേരാണുള്ളത്. അതിനാല്‍ കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
Also Read: ഐടി ചട്ടങ്ങൾ നാടിന്റെ നിയമം; അവ ട്വിറ്റർ അനുസരിക്കണമെന്ന് കേന്ദ്രം കോടതിയിൽ