അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ടുമായ സര്‍ദാര്‍ സരോവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. പ്രധാനമന്ത്രി മോദിയുടെ 67-ാം ജന്മദിനത്തിലാണ് അണക്കെട്ട് രാജ്യത്തിന് സമർപ്പിച്ചത്. എട്ടുലക്ഷം ഹെക്ടറില്‍ അധിക ജലസേചനം, ഒരു കോടി ആളുകള്‍ക്ക് കുടിവെള്ളം, 1450 മെഗാവാട്ട് വൈദ്യുതി എന്നിവയാണ് പദ്ധതികൊണ്ടുള്ള പ്രയോജനം. ഗുജറാത്തിലെ 9,000 ഗ്രാമങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ് പദ്ധതി.

അതേസമയം, സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തിയതോടെ ബർവാനി, ധർ ജില്ലകളിലെ നൂറുകണക്കിനു ഗ്രാമങ്ങൾ മുങ്ങി. ഒട്ടേറെ ഗ്രാമീണർ വീടുകൾ ഉപേക്ഷിക്കാതെ അവിടെ തുടരുന്നുവെന്നാണു റിപ്പോർട്ടുകൾ. ഛോട്ടാ ബർദ ഗ്രാമത്തിൽ മേധ പട്‌കറുടെ നേതൃത്വത്തിൽ ജലസത്യഗ്രഹം തുടങ്ങിയിട്ടുണ്ട്. പുനരധിവാസം പൂർത്തീകരിക്കാതെ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടിയെന്നാണ് ആരോപണം.

ഗുജറാത്തിലെ നർമദ ജില്ലയിലെ കേവാദിയയിൽ 56 വർഷം മുൻപ് അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഗുജറാത്തിൽ നർമദാനദിയിൽ നവഗാമിനു സമീപമാണ് അണക്കെട്ട്. അണക്കെട്ടിന്റെ ഇപ്പോഴത്തെ ഉയരം 138 മീറ്റർ. നേരത്തേ ഇതു 121.92 മീറ്ററായിരുന്നു. അണക്കെട്ടിന്റെ നീളം 1.2 കിലോമീറ്റർ. 30 ഷട്ടറുകളുണ്ട്. ഓരോന്നിനും 450 ടൺ ഭാരം. ഒരു ഷട്ടർ പൂർണമായി തുറക്കാൻ ഒരു മണിക്കൂർ എടുക്കും. യഥാക്രമം 1200 മെഗാവാട്ട്, 250 മെഗാവാട്ട് വീതം വൈദ്യുതി ഉൽപാദനശേഷിയുള്ള രണ്ടു വൈദ്യുത നിലയങ്ങളാണ് അണക്കെട്ടിന്റെ ഭാഗമായുള്ളത്. അണക്കെട്ടിൽനിന്ന് ഇതിനകം 16,000 കോടിയിലേറെ രൂപയുടെ വരുമാനം നേടിയതായാണു സർക്കാർ കണക്ക്. അതായത് നിർമാണത്തിനു ചെലവായ പണത്തിന്റെ ഇരട്ടി.

മൂന്നു സംസ്ഥാനങ്ങളാണ് പ്രധാനമായും അണക്കെട്ടിന്റെ ഉപഭോക്താക്കൾ. അണക്കെട്ടിൽനിന്നുള്ള വൈദ്യുതിയും വെള്ളവും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ പങ്കിടും. വൈദ്യുതിയുടെ 57% മഹാരാഷ്ട്രയ്ക്ക്. മധ്യപ്രദേശിന് 27%, ഗുജറാത്തിനു 16%.

1961ലാണു പദ്ധതിക്കു തറക്കല്ലിട്ടത്. പിന്നീട് വിവിധ കാരണങ്ങളാൽ നിർമാണം വൈകി. മേധ പട്‌കറുടെ നേതൃത്വത്തിലുള്ള നർമദാ ബച്ചാവോ ആന്ദോളൻ (എൻബിഎ) സുപ്രീം കോടതിയിൽനിന്നു സ്റ്റേ നേടിയതിനെ തുടർന്ന് 1996ൽ നിർമാണം നിർത്തിവച്ചു. ഒടുവിൽ, 2000 ഒക്ടോബറിൽ സുപ്രീം കോടതി അനുവദിച്ചതോടെ നിർമാണം പുനരാരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ