ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് താന്‍ ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് നടന്‍ പ്രകാശ് രാജ്. നരേന്ദ്ര മോദി തന്നെക്കാള്‍ നല്ല നടനാണെന്നും പ്രകാശ് രാജ് പറഞ്ഞു. ഡിവൈഎഫ്ഐയുടെ 11ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് പ്രകാശ് രാജ് പറഞ്ഞതായും വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

‘ഗൗരിയെ കൊലപ്പെടുത്തിയവര്‍ പിടിക്കപ്പെട്ടേക്കാം ഇല്ലായിരിക്കാം. പക്ഷെ, അവരുടെ കൊലപാതകത്തില്‍ ഒരുകൂട്ടം ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ ഗൗരിയുടെ കൊലപാതകത്തെ ആഘോഷമാക്കുന്നുണ്ട്. അക്കൂട്ടര്‍ ആരാണെന്നും അവരുടെ പ്രത്യയശാസ്ത്രം എന്താണെന്നും നമുക്കറിയാം. ഈ ആഘോഷിക്കുന്നവരില്‍ പലരേയും നരേന്ദ്ര മോദി ഫോളോ ചെയ്യുന്നുണ്ട്. അതാണ് എന്റെ ആശങ്ക. എങ്ങോട്ടാണ് നമ്മുടെ രാജ്യം പോകുന്നത്?’ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെക്കാള്‍ വലിയ നടനാളെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു.

ഈ വിഷയത്തില്‍ പ്രധാനമന്ത്രി ഇനിയും പ്രതികരിച്ചിട്ടില്ലെന്നതും തന്നെ ഭയപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഗൗരി ലങ്കേഷ് കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്ന ഏതു തരം പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമാകാനും താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇത്തരം പ്രശ്‌നങ്ങളെ ഏറ്റെടുത്ത് രാജ്യത്ത് ഒരു സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുന്ന നേതാക്കളാരും നമുക്കില്ല. വരും നാളുകളില്‍ ഇത്തരം പോരാട്ടങ്ങളില്‍ മുന്നില്‍ നിന്നു നയിക്കാന്‍ പ്രാപ്തരായ ആളുകളെയാണ് നമുക്കാവശ്യമെന്നും പ്രകാശ് രാജ് പറഞ്ഞു.

Read More: “ഞാന്‍ ഗൗരിയെ ഓര്‍ത്ത് അഭിമാനിക്കുന്നു” ഗൗരിയെ കാണാന്‍ പ്രകാശ് രാജ് എത്തി

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷും തെന്നിന്ത്യന്‍ സിനിമകളിലെ പ്രമുഖ നടന്‍ പ്രകാശ് രാജും തമ്മിലുള്ളത് മൂന്നു പതിറ്റാണ്ടോളം നീളുന്ന ബന്ധമാണ്. ഗൗരി ലങ്കേഷിന്റെ മരണാനന്തര ചടങ്ങുകള്‍ക്കും അദ്ദേഹം എത്തിയിരുന്നു. കുറച്ചധികം കാലമായി ഗൗരിക്ക് വധഭീഷണിയുള്ളതായി അറിയാമെന്നും പക്ഷെ ഇത്രയും വിദ്വേഷം വളരുന്നുണ്ട് എന്ന് ആരും വിശ്വസിച്ചിരുന്നില്ല എന്നും അന്നദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്തു വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയുടെ പേരില്‍ പ്രതിഷേധിച്ച് നിരവധി എഴുത്തുകാരും കലാരംഗത്തെ പ്രമുഖരും 2015ല്‍ ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയിരുന്നു. കൊല്ലപ്പെട്ട കര്‍ണാടക എഴുത്തുകാരന്‍ എം.എം. കല്‍ബുര്‍ഗിക്കു പിന്തുണയര്‍പ്പിച്ചും എഴുത്തുകാര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചും നിരവധി എഴുത്തുകാര്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ