ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ വിദേശ കമ്പനിക്ക് ചോര്‍ത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. “പ്രധാനമന്ത്രി നിങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് നല്‍കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? അത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

പൊതുജനങ്ങളുമായ് സംവദിക്കുന്നതിനായ് പ്രധാനമന്ത്രി മോദി നരേന്ദ്ര മോദി ആപ്പ് ഇടയ്ക്കിടെ ഉപയോഗിക്കാറുണ്ട്. ശനിയാഴ്ചയാണ് മോദി ആപ്പിലെ വ്യക്തിവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തുന്നതായ് ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകന്‍ എലിയറ്റ് ആല്‍ഡേഴ്സണ്‍ ആരോപിക്കുന്നത്. കാംബ്രിഡ്ജ് അനലറ്റികയുടെ ഡാറ്റാ ചോര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ആപ്പ് വ്യക്തിവിവരം ചോര്‍ത്തുന്നതായ വാര്‍ത്ത പുറത്തുവരുന്നത്.

ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയർ, നെറ്റ്‌വർക് ടൈപ്, കാരിയർ തുടങ്ങിയ ഡിവൈസിനെ സംബന്ധിച്ച വിവരങ്ങളും ഇ-മെയിൽ, ഫോൺ, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് അനുമതിയില്ലാതെ ചോർത്തുന്നത്. in.wzrkt.com എന്ന ഡൊമൈൻ വഴിയാണ് ജി-ഡാറ്റ എന്ന കമ്പനി വ്യക്തികളുടെ സ്വകാര്യ-സാമ്പത്തിക വിവരങ്ങൾ ചോർത്തുന്നതെന്നും എലിയറ്റ് പറഞ്ഞു.

അതിനിടയില്‍ ആധാര്‍ വിവരങ്ങള്‍ ചോരുന്നതുമായ് ബന്ധപ്പെട്ട് കണ്ണന്താനം നടത്തിയ മറ്റൊരു പരാമര്‍ശവും വിവാദമായിരുന്നു അമേരിക്കന്‍ വിസ ലഭിക്കാന്‍ വെള്ളക്കാരന് മുന്നില്‍ നഗ്നരായി നില്‍ക്കാനോ ഫിംഗര്‍പ്രിന്റ് എടുക്കാനോ ഐറിസ് സ്‌കാനിംഗിനോ നിന്നു കൊടുക്കാന്‍ നമുക്ക് യാതൊരു പ്രശ്‌നമില്ലെന്നും ഇന്ത്യാ ഗവണ്‍മെന്റ് നിങ്ങളുടെ പേരും വിലാസവും ചോദിക്കുമ്പോഴേക്കും അത് വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നും കണ്ണന്താനം പറയുകയുണ്ടായ്.

അതേസമയം ആപ്പില്‍ കയറുന്നവരുടെ വിവരങ്ങള്‍ അമേരിക്കയിലെ സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ് നരേന്ദ്ര മോദി എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ