ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനക്കൊണ്ടയെന്ന് വിളിച്ച് പരിഹസിച്ച് ആന്ധ്രപ്രദേശ് ധനകാര്യമന്ത്രി യനമല രാമകൃഷ്‌ണനുഡു. നരേന്ദ്ര മോദിയെക്കാൾ വലിയ അനക്കൊണ്ടയാകാൻ ആർക്കാണ് കഴിയുക. സിബിഐ, ആർബിഐ ഉൾപ്പെടെയുളള സ്ഥാപനങ്ങളെ വിഴുങ്ങുന്ന അനക്കൊണ്ടയാണ് മോദി. അദ്ദേഹം എങ്ങനെയാണ് രക്ഷകനാകുന്നതെന്ന് രാമകൃഷ്‌ണനുഡു ചോദിച്ചു.

അധികാരത്തോട് അത്യാർത്തിയാണ് പ്രതിപക്ഷ പാർട്ടികളായ വൈഎസ്ആർ കോൺഗ്രസിനും ജനസേനയ്ക്കും ഉളളതെന്നും രാജ്യത്തോട് ഒരു ഉത്തരവാദിത്തവും അവർക്കില്ലെന്നും രാമകൃഷ്‌ണനുഡു കുറ്റപ്പെടുത്തി. മോദിയെ പിന്തുണയ്ക്കുന്ന രണ്ടു പാർട്ടികളും രാജ്യത്തെ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും തകർക്കുന്നതിന് അദ്ദേഹത്തിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ എൻ.ചന്ദ്രബാബു നായിഡു അഴിമതിയുടെ രാജാവാണെന്നും അദ്ദേഹത്തിന്റെ അഴിമതി കഥകൾ പുറത്തുവരുമെന്ന ഭയം കൊണ്ടാണ് ഇത്തരത്തിലുളള പ്രസ്താവനകൾ മന്ത്രി നടത്തിയതെന്നായിരുന്നു അനക്കൊണ്ട പരാമർശത്തോടുളള സംസ്ഥാന ബിജെപി അധ്യക്ഷൻ കണ്ണ ലക്ഷ്മിനാരായണയുടെ പ്രതികരണം.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് എൻഡിഎയുമായുളള കൂട്ടുകെട്ട് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുളള ടിഡിപി അവസാനിപ്പിച്ചിരുന്നു. ബിജെപിയെ ഭരണത്തിൽനിന്നും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ പ്രതിപക്ഷ പാർട്ടി നേതാക്കളെ ഡൽഹിയിലെത്തി ചന്ദ്രബാബു നായിഡു കണ്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook