കോവിഡ്-19 മഹാമാരിക്കെതിരായ വാക്സിനേഷൻ വൻതോതിൽ ആരംഭിക്കുന്നതിനായി രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്കോട്ട് എയിംസിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷൻ പൂർത്തിയായാലും ജനങ്ങൾ വൈറസ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ആരോഗ്യമാണ് സമ്പത്ത്” എന്ന് 2020 നമ്മളെ നന്നായി പഠിപ്പിച്ചുവെന്നും ഇത് വെല്ലുവിളികൾ നിറഞ്ഞ ഒരു വർഷമായിരുന്നെന്നും പറഞ്ഞ പ്രധാനമന്ത്രി ചികിത്സയുടെ പ്രതീക്ഷയോടെയാണ് പുതുവർഷം വരുന്നതെന്നും പറഞ്ഞു. മരുന്നിനൊപ്പം ജാഗ്രതയും എന്നതാണ് 2021 വർഷത്തിന്റേ മന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

Read more: 2020 കലാശക്കൊട്ടിലേക്ക്; പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ലോകം ഒരുങ്ങി, ആഘോഷങ്ങൾക്ക് നിയന്ത്രണം

“വൈറസ് പടരുന്നത് തടയാൻ രാജ്യത്തെ ആളുകൾ വൻതോതിൽ വാക്സിനേഷനായി ശ്രമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോവിഡ് -19 ബാധിച്ചഒരു കോടി ആളുകൾ സുഖം പ്രാപിച്ചു, ഇന്ത്യയിൽ ദിവസേനയുള്ള പുതിയ കേസുകളുടെ എണ്ണം കുറയുന്നു. ചികിത്സയുടെ പുതിയ പ്രതീക്ഷയോടെയാണ് 2021 വരുന്നത്,”മോദി കൂട്ടിച്ചേർത്തു.

അതേസമയം ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിനായി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി.

കോവിഡ് -19 സൂപ്പർ സ്പ്രെഡ് വരാൻ സാധ്യതയുള്ളതിനാൽ പുതുവത്സരാഘോഷങ്ങളിൽ കർശന ജാഗ്രത പാലിക്കണമെന്നും ശൈത്യകാലത്ത് മുൻകരുതൽ നടപടിയായി ജനക്കൂട്ടത്തെ തടയണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കഴിഞ്ഞ മൂന്നര മാസമായി രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook