ന്യൂഡല്‍ഹി:ഷാങ്ഹായ് ഉച്ചകോടിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചതായി ഇരു രാജ്യങ്ങളില്‍ നിന്നുമുളള ഉദ്യോഗസ്ഥര്‍ ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി. ഇരു നേതാക്കളും ഹസ്തദാനം നടത്തിയതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി വ്യക്തമാക്കി. എത്ര നേരം സംസാരിച്ചു എന്ന ചോദ്യത്തിന് ‘എന്റെ കൈയില്‍ സ്റ്റോപ്പ് വാച്ച് ഉണ്ടായിരുന്നില്ല,’ എന്നാണ് ഖുറേഷി മറുപടി പറഞ്ഞത്. ഉച്ചകോടിയില്‍ വെച്ച് ഇരു നേതാക്കളും ഹസ്തദാനം നല്‍കിയില്ലെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഭീകരവാദത്തിന് പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ വ്യക്തമാക്കി. ഷാങ്ഹായ് ഉച്ചകോടിയില്‍ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സന്നിഹിതനായ ഉച്ചകോടിയിലാണ് നരേന്ദ്ര മോദിയുടെ ഈ പരാമര്‍ശം.

ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടമാണ് നടത്തേണ്ടത്. ഭീകരതയ്ക്ക് ഇടമില്ലാത്ത ഒരു സമൂഹമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരവാദത്തെ നേരിടാന്‍ സഹകരണം ശക്തമാക്കണമെന്നും മോദി ഉച്ചകോടിയില്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ ഷാങ്ഹായ് ഉച്ചകോടിയിലെ അംഗരാജ്യങ്ങള്‍ മുന്‍കൈ എടുക്കണമെന്നും മോദി പറഞ്ഞു.

Read Also: പാക്കിസ്ഥാനുമായി സമാധാനം സ്ഥാപിക്കാന്‍ ഞാന്‍ കുറേ ശ്രമിച്ചു: നരേന്ദ്ര മോദി

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കണം. അതിന് എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്ന് പോരാടണം. സുരക്ഷയും സമാധാനവുമാണ് മേഖലയുടെ പ്രധാന താത്പര്യങ്ങള്‍. രാജ്യങ്ങള്‍ അവരുടെ ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിച്ച് ഭീകരതയ്‌ക്കെതിരെ പോരാടണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനുമായി സമാധാനം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ താന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയെന്ന് നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, തന്റെ പരിശ്രമങ്ങളെല്ലാം നിരാകരിക്കപ്പെട്ടു എന്നും മോദി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനോടാണ് മോദി ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തെ കുറിച്ച് പറഞ്ഞത്. ബിഷ്‌കേക്കിലെ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.

Read Also: ഇമ്രാൻ ഖാന് ഇതെന്തു പറ്റി? മോദിയടക്കമുളള ലോകനേതാക്കളെ അവഗണിച്ച് പാക് പ്രധാനമന്ത്രി

സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടത്. ഭീകരവാദത്തില്‍ നിന്ന് മുക്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് സാധിക്കണം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്ന് നോക്കുമ്പോള്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള നീക്കങ്ങളൊന്നും ഇസ്‌ലാമാബാദില്‍ നിന്ന് കാണുന്നില്ലെന്നും മോദി പറഞ്ഞു.

ബിഷ്‌കേക്കിലെ ഷാങ്ഹായ് ഉച്ചകോടിയില്‍ പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനുമായി സമാധാനപരവും സൗഹൃദപരവുമായ ബന്ധം വേണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മോദി ഉച്ചകോടിയില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള മാര്‍ഗങ്ങളുമായി ഇന്ത്യ മുന്നോട്ടുപോകുമെന്നും മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook