ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരുടെയും പൗരത്വം കളയാനല്ല നിയമം കൊണ്ടുവന്നിരിക്കുന്നത്. പൗരത്വം നല്‍കുകയാണ് നിയമത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും മോദി കൊല്‍ക്കത്തയില്‍ പറഞ്ഞു.  ദ്വിദിന സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് മോദി ബംഗാളില്‍ എത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ചില നിക്ഷിപ്‌ത താല്‍പ്പര്യക്കാരാണ് രാജ്യത്തെ യുവജനങ്ങളെ വഴിതെറ്റിക്കുന്നതെന്നും മോദി പറഞ്ഞു.”പൗരത്വ ഭേദഗതി നിയമത്തില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്ഥാനമില്ല. അതിന്റെയൊന്നും ആവശ്യം ഇനിയില്ല. നിയമത്തെക്കുറിച്ച് രാജ്യത്തെ യുവാക്കള്‍ക്ക് ധാരാളം സംശയങ്ങളുണ്ട്. ചിലര്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നതാണ് അതിനു കാരണം. യുവാക്കളുടെ സംശങ്ങള്‍ മാറ്റികൊടുക്കുകയാണ് നമ്മുടെ ദൗത്യം” ബിജെപിയുടെ പൊതുപരിപാടിയില്‍ മോദി പറഞ്ഞു.

പാക്കിസ്ഥാനിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കണമെന്ന് ഗാന്ധിജി അടക്കമുള്ള മഹാന്മാര്‍ ആഗ്രഹിച്ചിരുന്നതായും മോദി പറഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളും തള്ളുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക്. പ്രശ്നങ്ങൾക്കു കാരണം ‘രാഹുലും കമ്പനിയു’മാണെന്നു ഷാ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നുണപ്രചാരണം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

Read Also: ഒന്‍പത് സെക്കൻഡ് ..17 നില കെട്ടിടം മൂക്കുകുത്തി, വീഡിയോ

പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കാന്‍ അല്ല, പൗരത്വം നല്‍കാനാണ്. പ്രതിപക്ഷത്തിന് മറ്റൊരു കുറ്റവും കണ്ടെത്താന്‍ ഇല്ലാത്തതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശിലെയും അഫ്‌ഗാനിസ്ഥാനിലെയും ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ് നിയമം. അല്ലാതെ, ആരുടെയും പൗരത്വം നഷ്‌ടപ്പെടുത്തുന്നതല്ല. ജനങ്ങളെ സത്യം അറിയിക്കാനാണ് ഞങ്ങൾ അധികാരത്തിലിരിക്കുന്നത്.

പൗരത്വ നിയമം വഴി ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് ബിജെപി പ്രവർത്തകർ ഓരോ വീടുകൾ തോറും കയറിയിറങ്ങി ബോധവത്‌കരണം നൽകണം. ബിജെപിയുടെ പ്രചരണം കഴിയുമ്പോൾ പൗരത്വ നിയമത്തെ കുറിച്ച് രാജ്യത്തെ എല്ലാ ജനങ്ങൾക്കും ബോധ്യമാകുമെന്നും അമിത് ഷാ ഇന്നലെ ഗുജറാത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook