ന്യൂഡൽഹി: റോഡിൽ തുപ്പുകയും മാലിന്യങ്ങൾ വലിച്ചെറിയുകയും ചെയ്യുന്നവർക്ക് വന്ദേമാതരം വിളിക്കാനുളള അവകാശമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവർക്കാണ് വന്ദേമാതരം വിളിക്കാനുളള ആദ്യ അവകാശമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോയിലെ പ്രസംഗത്തിന്റെ 125-ാം വാർഷികാഘോഷത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരൊറ്റ ഏഷ്യ എന്ന ആശയം നൽകിയത് സ്വാമി വിവേകാനന്ദനാണ്. ലോകത്തിലെ പ്രശ്നങ്ങൾക്കുളള പരിഹാരം ഏഷ്യയിൽനിന്നും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്വാമി വിവേകാനന്ദൻ ശബ്ദമുയർത്തി. സ്നേഹം, സാഹോദര്യം, ഐക്യം എന്നീ വാക്കുകളിലൂടെ ലോകത്തെ കീഴടക്കിയ വ്യക്തിയാണ് സ്വാമി വിവേകാനന്ദനെന്നും മോദി പറഞ്ഞു.

ശൗചാലയങ്ങൾ നിർമിച്ചശേഷം നമുക്ക് ക്ഷേത്രങ്ങൾ നിർമിക്കാമെന്നും മോദി അഭിപ്രായപ്പെട്ടു. വീട്ടിൽ ശൗചാലയം ഇല്ലെങ്കിൽ വിവാഹം കഴിക്കില്ലെന്ന് രാജ്യത്തെ സ്ത്രീകൾ പറയുന്നതിൽ ഞാൻ സന്തുഷ്ടനാണ്. വിദ്യാർഥികൾ കോളേജ് ക്യാംപസുകൾ വൃത്തിയായി സൂക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും മോദി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ