ബഹ്റിൻ: ഇന്ത്യയുടെ സമ്പദ്ഘടനയില്‍ രണ്ടിരട്ടി വര്‍ധനവ് ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തിന്റെ സമ്പത്ത് രണ്ടിരട്ടിയായി വര്‍ധിപ്പിക്കുമെന്നാണ് നരേന്ദ്ര മോദി ബഹ്‌റിനില്‍ പറഞ്ഞത്. അഞ്ച് ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. ബഹ്‌റിനിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യയിലുള്ള നിങ്ങളുടെ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോള്‍ അവര്‍ പറയാറില്ലേ രാജ്യത്ത് എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടെന്ന്. നിങ്ങള്‍ക്കും അങ്ങനെ തോന്നുന്നില്ലേ? ഇന്ത്യയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതായി നിങ്ങള്‍ക്കും തോന്നുന്നില്ലേ? ഇന്ത്യയിലെ ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുള്ളതായി നിങ്ങള്‍ക്ക് തോന്നുന്നില്ലേ? രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ടോ ഇല്ലേ?”-നരേന്ദ്ര മോദി ബഹ്‌റിനിലെ ഇന്ത്യക്കാരോട് ചോദിച്ചു.

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റിന്‍ സന്ദര്‍ശിക്കാന്‍ ഏറെ സമയമെടുത്തു. എന്തായാലും, ബഹ്‌റിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ തനിക്ക് ഭാഗ്യം ലഭിച്ചു എന്നും നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ കഴിഞ്ഞ 70 വർഷത്തിനിടെ ഏറ്റവും മോശം നിലയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെയാണ് നരേന്ദ്ര മോദി ബഹ്റിൻ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് സംസാരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നതെന്ന് നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു. ധനകാര്യ മേഖലയില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ അഭിമുഖീകരിച്ചിട്ടില്ലാത്ത വിധം അഭൂതപൂര്‍വ്വമായ സമ്മര്‍ദമാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: സാമ്പത്തിക രംഗത്ത് ഗുരുതര പ്രതിസന്ധി; അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. പണപ്പെരുപ്പം വര്‍ധിക്കുകയാണ്. ആരുടെ കയ്യിലും പണം ഇല്ലാത്ത അവസ്ഥ. ആരും ആരെയും വിശ്വാസത്തിലെടുക്കുന്നില്ല. മാര്‍ക്കറ്റില്‍ ബിസിനസുകളൊന്നും നടക്കാത്ത അവസ്ഥയാണുള്ളത്. ഇത് ഗുരുതരമായ സ്ഥിതിയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

സാമ്പത്തിക മേഖലയാകെ മുരടിപ്പിലാണ്. സ്വകാര്യ മേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം. സ്വകാര്യ മേഖലയിലെ നിക്ഷേപകരുടെ മനസിലെ ഭയം ഇല്ലാതാക്കുകയും നിക്ഷേപം വർധിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും രാജീവ് കുമാർ പറഞ്ഞു. സാമ്പത്തിക രംഗത്ത് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത് കഴിഞ്ഞ നാല് വർഷമായാണ്. നോട്ട് നിരോധനവും, ജിഎസ്‌ടി നടപ്പിലാക്കലും സാമ്പത്തിക രംഗത്ത് ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും രാജീവ് കുമാർ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook