അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തതോടെ ഭവ്‌നഗര്‍, വഡോദര ജില്ലകളിലെ ഒട്ടനവധി വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തി. ഈ മാസം മൂന്നാംതവണയാണ് ജന്മനാട്ടിലേക്കു പ്രധാനമന്ത്രി എത്തുന്നത്. ഭവ്നഗറിലും വഡോദരയിലും നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടും.

615 കോടി ചെലവിലുളള ഭവ്‌നഗറിലെ ഖോഗനിന്ന് കാംബേ ഉള്‍ക്കടലിലുള്ള ബറോച്ചിലേക്കുള്ള ഫെറിബോട്ട് സര്‍വീസിന്‍റെ ആദ്യഘട്ട ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു. രണ്ട് നഗരങ്ങളും തമ്മിലുളള റോഡ് മാര്‍ഗമുളള 310 കി.മി. ദൂരം 30 കി.മീറ്ററായി പുതിയ പദ്ധതി പ്രകാരം ചുരുങ്ങും. ഇത് ഒരു തുടക്കം മാത്രമാണെന്നും സ്വകാര്യ കമ്പനികളും ഫെറി ബോട്ട് സര്‍വീസുമായി സ്വമേധയാ രംഗത്തെത്തുമെന്നും മോദി പറഞ്ഞു.

മുന്‍ സര്‍ക്കാരിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ‘ഞാന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ശത്രുതയ്ക്ക് ഇരയായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്താനും വ്യവസായങ്ങള്‍ നിര്‍ത്തലാക്കാനുമാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഗുജറാത്തിന്റെ വികസനത്തിന് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്’, മോദി പറഞ്ഞു.

വഡോദരയില്‍ എത്തുന്ന അദ്ദേഹം 1,140 കോടിയുടെ പദ്ധതിക്കും തറക്കല്ലിടും. 100 കോടിയുടെ കണ്‍ട്രോള്‍ സെന്റര്‍ പദ്ധതിയാണ് ബദമാഡി ഗാഡനില്‍ വരിക. ജന്‍മഹല്‍ നഗരത്തിലെ ട്രാന്‍സ്പോര്‍ട്ട് ഹബ്ബിനും മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗിനും 125 കോടിയാണ് ചെലവഴിക്കുക. 166 കോടിയുടെ ജലവിതരണ പ്ലാന്റ്, 265 കോടി ചെലവില്‍ രണ്ട് ഫ്ലൈ ഓവറുകള്‍, 55 കോടിയുടെ മാന്‍ സഫാരി പാര്‍ക്ക് പദ്ധതി, 6 കോടിയുടെ മൃഗാശുപത്രി എന്നീ പദ്ധതികളും ഇന്ന് മോദി പ്രഖ്യാപിക്കും.

ഡിസംബറില്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണു വമ്പന്‍ പദ്ധതികളുമായുള്ള മോദിയുടെ സന്ദര്‍ശനം. കഴിഞ്ഞമാസം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയ്‌ക്കൊപ്പം അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മോദി ഉദ്ഘാടനം ചെയ്തിരുന്നു. ഒട്ടനവധി വികസനപരിപാടികളും മോദി ഗുജറാത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ