മുംബൈ: രാജ്യം 74ാം സ്വാതന്ത്ര്യദിനത്തിലേക്ക് പ്രവേശിക്കാനിരിക്കേ ഇന്ത്യയിലെ ലിപി വൈവിധ്യത്തെ ദേശീയ ഐക്യത്തിന്റേതായ ഭാഷയിലൂടെ ആവിഷ്കരിക്കുകയാണ് കലിഗ്രഫി രംഗത്തുള്ള 15 പ്രമുഖ കലാ പ്രവർത്തകർ. ‘ലിപികളുടെ വൈവിധ്യം, ദേശീയഗാനത്തിന്റെ ഐക്യം’ എന്ന ആശയം മുൻനിർത്തി തയ്യാറാക്കിയ ‘അക്ഷർ ഭാരത്’ എന്ന വീഡിയോയുടെ ഭാഗമായി ദേശീയഗാനത്തിലെ വരികൾ 15 ലിപികളിലായി 15 കാലിഗ്രാഫർമാർ ആവിഷ്കരിക്കരിക്കുന്നു. ഒപ്പം പശ്ചാത്തലത്തിൽ 15 ഗായകർ ദേശീയഗാനം ആലപിക്കുകയും ചെയ്യുന്നു.

പ്രമുഖ കാലിഗ്രാഫറായ അച്യുത് പാലവാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. പൂനെ എംഐടി-എഡിറ്റി സർവകലാശാലയുടെ സഹകരണത്തോടെയാണ് വീഡിയോ പുറത്തിറക്കിയത്. ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചുമണിക്ക് എംഐടി-എഡിറ്റി സർവകലാശാലയുടെയും അച്യുത് പാലവിന്റെയും യൂട്യൂബ് പേജുകളിലാണ് വീഡിയോ റിലീസ് ചെയ്തത്.

കോവിഡ് ലോക്ക്ഡൗൺ കാലമായതിനാൽ കാലിഗ്രഫി രചയിതാക്കൾ അവരവരുടെ വീടുകളിൽ നിന്നാണ് രചനകൾ തയ്യാറാക്കിയത്. മലയാളത്തെ പ്രതിനിധീകരിച്ച് പ്രമുഖ കലിഗ്രാഫർ നാരായണ ഭട്ടതിരി അക്ഷർ ഭാരതിന്റെ ഭാഗമായി.

ഒരുമാസത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് അക്ഷർ ഭാരത് പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് നാരായണ ഭട്ടതിരി പറഞ്ഞു. അച്യുത് പാലവാണ് ഈ ആശയത്തിന് പിറകിലെന്നും ഓരോ ലിപികളിലും കലിഗ്രാഫി ചെയ്യുന്നവരെ അദ്ദേഹം ബന്ധപ്പെടുകയും ഈ ആവിഷ്കാരത്തിന്റെ ഭാഗമാക്കുകയുമായിരുന്നു എന്നും ഭട്ടതിരി അറിയിച്ചു. ഇതാദ്യമായാണ് ഇത്തരത്തിൽ ഇത്രയും കാലിഗ്രഫി രചയിതാക്കൾ ഒരുമിച്ച് ചേരുന്ന ഒരു പരിപാടി രാജ്യത്ത് അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ് കെ മൊഹന്തി (ഒഡിയ), നവകാന്ത് കരിഡെ (തെലുഗു), ജി വി ശ്രീകുമാർ (കന്നഡ), ഗോപാൽ പട്ടേൽ (ഗുജറാത്തി), മഹ്മൂദ് അഹ്മദ് ഷെയ്ഖ് (ഉർദു), മനോജ് ഗോപിനാഥ് (തമിഴ്), പ്രഭ്‌സിമാർ കൗർ (ഗുരുമുഖി), പൂജ ഗൈധാനി (മോഡി) , അൻവർ ലൊലാബി (കശ്മീരി), ഹിരേൻ മിത്ര (ബംഗാളി), മനീഷ നായക് (അസാമീസ്), രുപാലി തോംബറേ (മൈഥിലി), അവ്ധൂത് വിധാതെ ( സിദ്ധം) എന്നീ കലിഗ്രാഫർമാരും വിവിധ ലിപികളിലായി ദേശീയ ഗാനത്തിലെ വരികൾ എഴുതി അക്ഷർ ഭാരതിന്റെ ഭാഗമാവുന്നു.

അദിനാാഥ് മങ്കേഷ്കറാണ് വീഡിയോയിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. ഗായിക ലത മങ്കേഷ്കർ ചെയർപേഴ്സണായ വിശ്വശാന്തി സംഗീത് കലാ അക്കാദമിയിലെ വിദ്യാർത്ഥികളാണ് ദേശീയ ഗാനം ആലപിച്ചത്.

മുപ്പത് വർഷത്തിലധികമായി മലയാളം ചിത്രമെഴുത്ത് രംഗത്ത് നിരവധി സംഭാവനകൾ നൽകിയ കലാകാരനാണ് ആർട്ടിസ്റ്റ് ഭട്ടതിരി. കലിഗ്രഫി രംഗത്ത് മലയാളത്തിന് സ്വന്തമായി ഒരു ഇടം സൃഷ്ടിക്കാൻ ഭട്ടതിരിയുടെ രചനകരൾ സഹായകമായി. ലോക്ക്ഡൗൺ കാലത്തും അദ്ദേഹം തന്റെ പ്രവർത്തന മേഖലയിൽ സജീവമാണ്. തന്റെ ‘ഭട്ടതിരി കലിഗ്ഗഫി’ എന്ന ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തന്റെ പുതിയ രചനകൾ പങ്കുവയ്ക്കുന്നു.

ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ ജിഗ്ജി അന്താരാഷ്ട്ര പുരസ്‌കാരത്തിന് 2017-2018 വർഷങ്ങളിൽ നാരായണ ഭട്ടതരി അർഹനായിരുന്നു. ഭട്ടതരിയുടെ കൈപ്പടയിലുള്ള കലിഗ്രഫി രചന ദക്ഷിണ കൊറിയിലെ ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ആദ്യമായി ജിഗ്ജി അന്താരാഷ്ട്ര പുരസ്‌കാരം നേടിയ കലാകാരനാണ് നാരായണ ഭട്ടതിരി. ലോകത്ത് ആദ്യം അച്ചടിച്ച പുസ്തകമായ ജിഗ്ജിയുടെ ഓര്‍മയ്ക്കായാണ് കൊറിയന്‍ സര്‍ക്കാര്‍ ജിഗ്ജി പുരസ്‌കാരം വര്‍ഷംതോറും നല്‍കുന്നത്.

എം.ടിയുടെ രണ്ടാമൂഴം, വാനപ്രസ്ഥം ഉള്‍പ്പെടെ നൂറ്റമ്പതോളം തലക്കെട്ടുകള്‍ എഴുതിയത് ഭട്ടതിരിയാണ്. മലയാളത്തിലെ പല ഇതിഹാസ കൃതികളും വായനക്കാര്‍ക്ക് മുന്നിലേക്ക് എത്തിയത് ഭട്ടതരിയുടെ തലക്കെട്ടുകളിലൂടെയാണ്. ഇതുകൂടാതെ ഏതാനും ഫോണ്ടുകളുടെ രൂപകല്പനയിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook