മുംബൈ: മഹാരാഷ്​ട്ര മുൻമുഖ്യമന്ത്രിയും മുൻ കോൺഗ്രസ്​ നേതാവുമായ നാരായൺ റാണെ പുതിയ പാർട്ടി രൂപീകരിച്ചു. വാർത്താ സമ്മേളനം വിളിച്ചാണ്​ റാണെ ‘മഹാരാഷ്​ട്ര സ്വാഭിമാൻ പക്ഷ്’ എന്നു പേരിട്ട പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്​.

കഴിഞ്ഞ മാസമാണ്​ റാണെ കോൺഗ്രസിൽ നിന്ന്​ രാജിവച്ചത്​. 2005ൽ ശിവസേനയിൽ നിന്ന്​ രാജിവച്ചാണ്​ റാണെ കോൺഗ്രസിൽ ചേർന്നത്​. വാർത്താ സമ്മേളനത്തിൽ ശിവസേനയെയും നേതാവ്​ ഉദ്ധവ്​ താക്കറെയെയും റാണെ നിശിതമായി വിമർശിച്ചു.

‘ആരാണ് ഉദ്ധവ് താക്കറെ? ഇന്നലെ ശിവാജി പാർക്കിൽ നടത്തിയ റാലിയിൽ അയാൾ എന്നെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും വിമർശിച്ചിരുന്നു. സത്യത്തിൽ സർക്കാരിൽ താക്കറെയുടെയും പാർട്ടിയുടെയും സംഭാവന എന്താണ്? നോട്ട് അസാധുവാക്കൽ നടപടിയുടെ പേരിൽ താക്കറെയും ശിവസേനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നു. എന്നിട്ടും ശിവസേനയിൽനിന്നുള്ള മന്ത്രിമാർക്ക് ഇതിലൊന്നും യാതൊരു പ്രശ്നവുമില്ല’ –റാണെ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള നേതാവാണ് നാരായൺ റാണെ. കോൺഗ്രസിൽനിന്ന് പുറത്തുവന്നതു മുതൽ റാണെയെ എൻഡിഎ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ശിവസേനയുമായി തെറ്റിപ്പിരിഞ്ഞു കോൺഗ്രസിലെത്തി, ഏതാനും ദിവസം മുൻപു കോൺഗ്രസ് ബാന്ധവവും അവസാനിപ്പിച്ചു പുറത്തെത്തിയ നാരായൺ റാണെയെ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ അംഗമാക്കാനാണ് ആലോചന. ഇതിനു മുന്നോടിയായാണ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ശിവസേനയെ മെരുക്കാനും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ തളർത്താനും ഈ നടപടിയിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ