ന്യൂഡൽഹി: ബംഗാളിലെ തൃണമൂൽ കോൺഗ്രസിനെ വെട്ടിലാക്കിയ മന്ത്രിമാരും എം.പിമാരും ഉൾപ്പെട്ട അഴിമതിക്കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. അന്വേഷണം നടത്തി ഒരു മാസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൊൽക്കത്ത ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്ന തൃണമൂൽ നേതാക്കളായ സുവനേന്ദു അധികാരി, സൗഗത റോയ് എന്നിവരുടെ ഹർജി സുപ്രീംകോടതി തള്ളി.
ഹൈക്കോടതി വിധിക്കെതിരെ ഹർജി നൽകിയത് ദൗർഭാഗ്യകരവും ഹർജി പരിഗണന പോലും അർഹിക്കാത്തതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ അഭിഭാഷകനോട് മാപ്പ് പറയാനും കോടതി നിർദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനുള്ള യാതൊരു കാരണവും കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കൊല്‍ക്കത്ത ഹൈക്കോടതി വിധി ഏകപക്ഷീയമാണെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ ഹർജി പിൻവലിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു.
മാർച്ച് 17നാണ് കൊൽക്കത്ത ഹൈക്കോടതി, നാരദ ന്യൂസ് പുറത്ത് വിട്ട ഒളികാമറ ദൃശ്യങ്ങളെ കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 72 മണിക്കൂറിനുള്ളിൽ പ്രാഥമികാന്വേഷണം നടത്തണമെന്നും ആവശ്യമെങ്കിൽ എഫ്ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
എന്നാല്‍ നാരദ വിവാദം രാഷ്ട്രീയ ശത്രുക്കളുടെ ഗൂഢാലോചനയുടെ ഫലമായാണെന്ന് കാട്ടിയാണ് മമത ബാനര്‍ജി ഗവണ്മെന്റ് സിബിഐ അന്വേഷണ ഉത്തരവിനെതിരെ രംഗത്ത് വന്നത്. എവിടെ നിന്നാണ് ഇത്തരത്തില്‍ വിദേശ പണം സംസ്ഥാനത്തേയ്ക്ക് ഒഴുകുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സത്യനാരായണ പാര്‍ക്കില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ മമത ആവശ്യപ്പെട്ടു.
ഒളിക്യാമറ ഓപ്പറേഷനിലൂടെ തൃണമൂല്‍ എംപിമാരും എംഎല്‍എമാരും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് നാരദാ ന്യൂസിന്റെ വെബ് പോര്‍ട്ടലിലൂടെ പുറത്തുവിട്ടത്. തൃണമൂലിന്റെ എംപിമാരും എംഎല്‍എമാരുമടക്കം 14 നേതാക്കള്‍ വിവാദകമ്പനിയുടെ പ്രതിനിധികളില്‍നിന്നും കോഴ വാങ്ങുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.