അഹമ്മദാബാദ്: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിന് പിന്നാലെ പുരാണങ്ങളെയും ഐതിഹ്യങ്ങളെയും സാങ്കേതിക മുന്നേറ്റങ്ങളുമായി ബന്ധപ്പെടുത്തി ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണിയും. ഐതിഹ്യത്തിലെ കഥാപാത്രമായ നാരദനെ ഗൂഗിളിനോട് താരതമ്യം ചെയ്താണ് വിജയ് രൂപാണി ബിപ്ലവിന് വെല്ലുവിളി ഉയർത്തുന്നത്. ഇന്നത്തെ ഇന്റർനെറ്റ് സെർച്ച് എൻജിൻ പോലെ ലോകത്തെ കുറിച്ചുളള മുഴുവൻ വിവരങ്ങളും നാരദൻ എന്ന ജ്ഞാനിയുടെ കൈവശമുണ്ടായിരുന്നുവെന്ന് വിജയ് രൂപാണി പറഞ്ഞു.

നേരത്തെ മഹാഭാരത കാലത്ത് ഇന്റർനെറ്റും സാറ്റലൈറ്റ് സംവിധാനവുമുണ്ടായിരുന്നുവെന്ന ബിപ്ലവിന്റെ പരാർശം ലോകമെങ്ങും ചിരിയുണർത്തി. അതിന് പിന്നാലെ ബിപ്ലവ് നടത്തിയ പരാമർശങ്ങൾ വിവാദങ്ങളുടെ തിരികൊളുത്തിയിരുന്നു.​ ആ വിവാദങ്ങളുയർത്തിയ പരിഹാസങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ പരാമർശം.

നാരദൻ വിവരശേഖരണം നടത്തി അത് മനുഷ്യരാശിക്ക് വേണ്ടി വിനിയോഗിക്കുകയാണ് ചെയ്തത്. അത് അദ്ദേഹത്തിന്റെ ധർമ്മമായി കണ്ടു. അത് വളരെ അവശ്യവുമായിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.  ലോകത്ത് നടക്കുന്ന എല്ലാമറിയാവുന്ന നാരദനെ പോലെ  ഗൂഗിൾ വിവരശേഖരണത്തിനുളള​ വഴിയാണ് ഇന്ന്, വിജയ് രൂപാണി കൂട്ടിച്ചേർത്തു ആർഎസ്എസ് സംഘടനയായ വിശ്വ സംവാദ് കേന്ദ്രം സംഘടിപ്പിച്ച ദേവർഷി നാരദ ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിൽ നിഷ്‌പക്ഷ മാധ്യമങ്ങളാണ് പ്രധാനമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവന ഉദ്ധരിച്ച് വിജയ് രൂപാണി അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് മാധ്യമങ്ങൾക്ക് പറയാം. പക്ഷേ, അത് നിഷ്‌പക്ഷവും വസ്തുനിഷ്ടവുമാകണമെന്ന് അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ