ന്യൂഡല്‍ഹി: കത്തുവയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പാക്കിസ്ഥാന്റെ കരങ്ങളെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ്. ബിജെപിയുടെ മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റ് നന്ദകുമാര്‍ സിങ് ചൗഹാന്‍ ആണ് വിവാദമായ പരാമര്‍ശം നടത്തിയിരിക്കുന്നത്.

“പാക്കിസ്ഥാന്‍ ഏജന്റുമാരാണ് അവിടെ കൃത്യം നിര്‍വഹിച്ചത്. ജനങ്ങളെ വിഭജിക്കുക എന്ന ഉദ്ദേശത്തോടെയാണത്. അതിന് ശേഷം ജയ്‌ ശ്രീറാം മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു അവര്‍.” പാര്‍ലമെന്റില്‍ ബജറ്റ് സെഷന്‍ തടസപ്പെട്ടതാരോപിച്ച് നടക്കുന്ന നിരാഹാരസമരത്തിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നന്ദകുമാര്‍ സിങ് ചൗഹാന്‍.

ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളിച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് എങ്കില്‍ അതിന് പിന്നില്‍ പാക്കിസ്ഥാന്‍ ഏജന്റുകള്‍ തന്നെയാണെന്നും ബിജെപി നേതാവ് പറഞ്ഞു. ഒരു ശതമാനം ഹിന്ദുക്കള്‍ പോലുമില്ലാത്ത കശ്മീരില്‍ എങ്ങനെയാണ് ഒരു ഹിന്ദുവിന് ജയ്‌ ശ്രീറാം മുദ്രാവാക്യം വിളിക്കാനാകുകയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആരാഞ്ഞു.

“കശ്മീരില്‍ ഒരു ശതമാനം ഹിന്ദുക്കള്‍ കൂടിയില്ല. അവര്‍ക്ക് അവരുടെ വായ തുറക്കാന്‍ വരെ സാധിക്കില്ല. പിന്നെ എങ്ങനെയാണ് അവര്‍ ആ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്? ” നന്ദകുമാര്‍ സിങ് ചോദിച്ചു.

കത്തുവയിലെ രസന ഗ്രാമവാസിയായ പെൺകുട്ടിയെ ജനുവരി 10നാണ് കാണാതായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. അതിനുശേഷം പെൺകുട്ടിയെ കൊലപ്പെടുത്തി. തടവിലാക്കിയ പെൺകുട്ടിയെ പ്രതികൾ അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ