ന്യൂഡല്‍ഹി : വ്യക്തിവിവരങ്ങള്‍ മൂന്നാമതൊരു കക്ഷിയുമായ് പങ്കുവെക്കുന്നു എന്ന വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള ‘നാമോ’ എന്ന ആന്‍ഡ്രോയിഡ് മൊബൈല്‍ അപ്ളിക്കേഷന്‍. ഉപഭോക്താക്കളുടെ ക്യാമറ, ഫോട്ടോഗ്രാഫുകള്‍, മൈക്രോഫോണ്‍, ലൊകേഷന്‍ തുടങ്ങി ഇരുപത്തിരണ്ടോളം സ്വകാര്യ ഫീച്ചറുകളില്‍ നിന്നുള്ള ഡാറ്റയാണ് നാമോ ആപ്പ് ശേഖരിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മൊബൈല്‍ അപ്ളിക്കേഷനായ പിഎംഒ ഇന്ത്യ പതിനാല് സ്വകാര്യ ഫീച്ചറുകളില്‍ നിന്നും ഡാറ്റ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ തന്നെ മൈഗവ് (MyGov) എന്ന ആപ്ലിക്കേഷന്‍ ഒമ്പതിടത്ത് നിന്നാണ് വിവരം ശേഖരിക്കുന്നത് എന്നാണ് ദ് ഇന്ത്യന്‍ എക്സ്പ്രസ്സ് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.
ആമസോണ്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോണിലെ പതിനേഴ് ഫീച്ചറുകളില്‍ ഇടപെടുമ്പോള്‍ പേ ടിഎം ഇരുപത്തിയഞ്ചും കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ ആപ്ലിക്കേഷനായ വിത്ത് ഐഎന്‍സി പത്തും സമാജ്വാദി പാര്‍ട്ടിയുടെ ആപ്പ് മൂന്ന് ഫീച്ചറുകളില്‍ നിന്നും വിവരം ശേഖരിക്കുന്നു.
നമോ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള അപ്ഡേറ്റുകള് നല്‍കുന്നതിന് പുറമേ പ്രധാനമന്ത്രിയുടെ ‘മന് കി ബാത്ത്’ കേള്‍ക്കാനുമുള്ള അവസരമൊരുക്കുന്നു.
@fs0c131y എന്ന ട്വിറ്റര്‍ പ്രൊഫൈലിലൂടെയാണ് നമോ ആപ്പ് വ്യക്തിവിവരം ചോര്‍ത്തുന്നതായ ആരോപണം ആദ്യമായി ഉണരുന്നത്. ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥന് എന്ന് വിശേഷിപ്പിച്ച പ്രൊഫൈല്‍ ഉടമ റോബര്‍ട്ട് ബാപ്റ്റിസ്റ്റെ എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ്സിന് പരിചയപ്പെടുത്തിയത്. അമേരിക്ക ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന ക്ലെവര ടാപ്പ് എന്ന കമ്പനിയ്ക്കാണ് നാമോ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ വിവരം കൈമാറുന്നത്.

ആരോപണങ്ങള്‍ക്ക് പിന്നാലെ തന്നെ നമോ ആപ്പിന്റെ വെബ്സൈറ്റ് ആയ narendramodi.in ലെ സ്വകാര്യതാ പോളിസിയില്‍ വേണ്ട മാറ്റം വരുത്തുകയുണ്ടായി. ” മെച്ചപ്പെട്ട ഉപയോഗം” എന്ന ലക്ഷ്യത്തോടെ ചില ഉപഭോക്തൃ വിവരങ്ങള്‍ മൂന്നാമതൊരു പാര്‍ട്ടിക്ക് കൈമാറും എന്നായിരുന്നു മാറ്റം.
പേര്, ഇമെയില്‍, മോബൈല്‍ ഫോണ്‍ നമ്പര്‍, ഉപയോഗിക്കുന്ന ഫോണിന്റെ വിശദാംശങ്ങള്‍, ലൊക്കേഷന്‍, സേവനദാതാക്കളുടെ വിവരം എന്നിവയാണ് ഇത്തരത്തില്‍ ശേഖരിക്കുന്നത്.
” നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, കോണ്ടാക്റ്റ് വിവരങ്ങള്‍ എന്നിവ രഹസ്യമായ് സൂക്ഷിക്കുന്നതാവും. നിങ്ങളുമായ് ബന്ധപ്പെടുവാന്‍ മാത്രമാണ് ആ വിവരങ്ങള്‍ ശേഖരിക്കുന്നത്. അത് മൂന്നാമാതൊരു കക്ഷിക്ക് കൈമാറുന്നതല്ല. ” ആദ്യത്തെ പോളിസില്‍ പറയുന്നു.
ബിജെപി ഐടി സെല്‍ മുഖ്യന് അമിത് മാളവീയയെ ഇതിനെക്കുറിച്ച് തിരക്കാന്‍ ബന്ധപ്പെട്ടപ്പോള്‍ ഇതുമായ് ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
നമോ ആപ്പിലൂടെ ശേഖരിക്കുന്ന വിവരം മൂന്നാമതൊരു കക്ഷിക്ക് കൈമാറുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ ഗൂഗിള്‍ അനലറ്റിക്സിന് സമാനമായ സര്‍വീസുമായ് മാത്രമാണ് വിവരം പങ്കുവെക്കുന്നത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ” ഈ വിവരങ്ങള്‍ ഈ മൂന്നാംകക്ഷി ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനാണ് ഇത് ഉപയോഗിക്കുന്നത്. ഓരോരുത്തരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ആപ്പില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഇത് സഹായിക്കുന്നു.” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം വരെ ബിജെപിയുടെ ആസ്ഥാനമായ് പ്രവര്‍ത്തിച്ചുപോന്ന ‘ഭാരതീയ ജനതാ പാര്‍ട്ടി, 11അശോക് റോഡ്, ന്യൂഡല്‍ഹി- 110001’ എന്ന വിലാസത്തില്‍ ആപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലുകളിലൂടെയാണ് നാമോ ആപ്പ് പ്രചരിപ്പിക്കുന്നത്. കൊല്ലവര്ഷ പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ എന്ന പേരില്‍ ഈയടുത്ത് ഇറങ്ങിയ എക്സാം വാരിയര്‍സ് എന്ന പുസ്തകത്തിലടക്കം നാമോ ആപ്പ് ഉപയോഗിക്കാനുള്ള പ്രചരണമുണ്ട്.
പ്രധാനമന്ത്രിക്ക് സംവേദിക്കാന്‍ എന്ന ഉദ്ദേശത്തില്‍ പതിമൂന്ന് ലക്ഷം എന്‍സിസി കാഡറ്റുകളുടെ വിവരം ശേഖരിച്ചതായ് മാര്‍ച്ച് 23ന് ദ് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാഡറ്റുകള്‍ തങ്ങളുടെ ഫോണില്‍ നരേന്ദ്ര മോദി ആപ്പ് ഡൌണ്‍ലോഡ് ചെയ്യണം എന്നായിരുന്നു എന്‍സിസി ഡയറക്ടര്‍ ജനറല്‍ സംസ്ഥാന ഡയറക്ടരേറ്റുകള്‍ക്ക് നല്കിയ നിര്‍ദ്ദേശം.
ആപ്പിന് കീഴിലായി നല്‍കിയിരിക്കുന്ന വിശദാംശങ്ങളില്‍ നമോ ആപ്പിന് ‘യാതൊരു അനുമതിയും നിർബന്ധമല്ല’ എന്ന് അവകാശപ്പെടുന്നുണ്ട്. എന്തിരുന്നാലും, ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ അനുമതിയുടെ ആവശ്യം വരുന്നില്ല. ഇമെയില്‍ വഴിയും ഫോണ്‍ വഴിയും രജിസ്റ്റര്‍ ചെയ്യാതെയും ആപ്പ് ഉപയോഗിക്കാം എന്നും പറയുന്നുണ്ട്.
ഓഗസ്റ്റ് 2017ന് സുപ്രീംകോടതി പുറപ്പെടുവിച്ച സ്വകാര്യത സംബന്ധിച്ച് വിധിയില്‍ ഡിജിറ്റല്‍ വിവരങ്ങളുമായ് ബന്ധപ്പെട്ട വിവാങ്ങള്‍ ശേഖരിക്കണം എങ്കില്‍ വ്യക്തിയില്‍ നിന്നും അനുമതി ആവശ്യമാണ് എന്ന് പറയുന്നുണ്ട്. നാ മോ ആപ്പിന് ഇത്തരത്തില്‍ അനുമതി ആവശ്യമില്ല എന്നതറിയാന്‍ ആപ്പിന് കീഴിലെ ‘റീഡ് മോര്’ സെഷനിലേക്ക് പോകേണ്ടതുണ്ട്. ഉപഭോക്താക്കള്‍ ഒന്നും തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് ഇതിനെക്കുറിച്ച് ബോധവാന്മാരല്ല.