ന്യൂഡൽഹി: കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേൽക്കുന്നതിനായി കോൺഗ്രസ് ഒരുങ്ങി. ന്യൂഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മുറിക്ക് തൊട്ടരികിലാണ് പ്രിയങ്ക ഗാന്ധിയുടെയും ഓഫീസ്.

സ്വകാര്യ സന്ദർശനത്തിനായി വിദേശത്ത് പോയ പ്രിയങ്ക നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന പാർട്ടി യോഗത്തിൽ പ്രിയങ്കയും പങ്കെടുക്കും. രാഷ്ട്രീയ തന്ത്രങ്ങൾ വിലയിരുത്തുന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളുമാണ് പങ്കെടുക്കുന്നത്.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കും. കുംഭമേളയ്ക്ക് ശേഷമേ അവർ സംഘടനാ പ്രവർത്തനം ആരംഭിക്കൂ. ഗംഗയിൽ രാഹുൽ ഗാന്ധിക്കൊപ്പം മുങ്ങിക്കുളിച്ച് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങാനാണ് അവർ ലക്ഷ്യമിടുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രിയങ്കയെ യുപിയിൽ പ്രധാനപ്പെട്ട ഒരു സീറ്റിൽ മത്സരിപ്പിക്കുന്ന കാര്യവും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്.

ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന 13 റാലികൾ നടത്താനുദ്ദേശിച്ച കോൺഗ്രസ് ഇപ്പോൾ കൂടുതൽ റാലികൾ സംഘടിപ്പിക്കാനുളള തീരുമാനത്തിലാണ്. പ്രിയങ്ക ഗാന്ധിയെയാകും ഇതിന്റെ മുൻനിരയിൽ നിർത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലോക്സഭയിലേക്ക് എത്തിച്ച ഗോരഖ്‌പൂർ മണ്ഡലം എന്നിവിടങ്ങളിലാണ് കോൺഗ്രസ് മുന്നേറ്റമുണ്ടാക്കാൻ ശ്രമിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്‌നൗവും കിഴക്കൻ യുപിയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook