ലക്നൗ: മുസ്ലിങ്ങള്‍ ദിവസേന അഞ്ചു നേരം അനുഷ്ഠിക്കുന്ന പ്രാര്‍ഥനയായ നിസ്ക്കാരത്തിന് സൂര്യനമസ്കാരവുമായി സാമ്യമുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൂര്യനമസ്കാരത്തെ എതിര്‍ക്കുന്നവര്‍ മതത്തിന്റെ പേരില്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗയെ പ്രോത്സാഹിപ്പിക്കുകയും ആഗോളതലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂര്യനമസ്കാരം അനിസ്ലാമികമാണെന്ന് വാദിക്കുന്നവരെ നേരത്തേ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയയാളാണ് യോഗി. നിസ്കരിക്കുന്നതിലെ പല രീതികളും സൂര്യനമസ്കാരവുമായി സാമ്യമുണ്ട്. മതങ്ങള്‍ തമ്മിലുള്ള ഒത്തൊരുമയുടെ മനോഹരമായ ഉദാഹരണമാണ് അത്. എന്നാല്‍ യോഗയില്‍ വിശ്വാസമില്ലാത്ത ചിലര്‍ സമൂഹത്തെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വിഭജിക്കാനാണ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനമസ്കാരത്തിലെ എല്ലാ ആസനങ്ങളും നമ്മുടെ മുസ്ലിം സഹോദരന്‍മാര്‍ അുഷ്ഠിക്കുന്ന നിസ്കാരവുമായി വളരെയധികം സാമ്യമുള്ളതാണ്. എന്നാല്‍ ഈ രണ്ട് അനുഷ്ഠാനങ്ങളേയും ഒന്നായി കാണാന്‍ ആരും ഇതുവരെയും ശ്രമിച്ചിട്ടില്ലെന്നും യോഗി വ്യക്തമാക്കി.

യോഗയ്ക്ക് കിട്ടിയ ആഗോള ശ്രദ്ധയ്ക്ക് കാരണക്കാരന്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ്. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 2015ല്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ പങ്കെടുത്തത് 175 രാജ്യങ്ങളാണ്. എന്നാല്‍ അതിന് ശേഷമുള്ള വര്‍ഷം ഇത് 192 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗയും സൂര്യനമസ്കാരവും അനിസ്ലാമികമായിട്ടാണ് ഇസ്ലാം മത വിശ്വാസികള്‍ കാണുന്നത്. ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകലില്‍ യോഗ നിര്‍ബന്ധമാക്കിയപ്പോള്‍ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഇതിനെതിരെ ക്യാപെയിനും നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ