ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുകയായിരുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ ജയില്‍ മോചിതരായി. നളിനിക്കൊപ്പം ഭര്‍ത്താവ് മുരുകന്‍ എന്ന വി ശ്രീഹരന്‍, ശാന്തന്‍ എന്ന ടി സുതേന്ദ്രരാജ, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവി എന്ന രവിചന്ദ്രന്‍ എന്നിവരാണു മൂന്നു പതിറ്റാണ്ടിനുശേഷം മോചിതരായത്.
ഇവരെ വിട്ടയയ്ക്കാന്‍ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് ഇന്നു വെല്ലൂര്‍, പുഴല്‍ ജയിലുകളില്‍ ലഭിച്ചതിനെത്തുടര്‍ന്ന് വൈകീട്ട് അഞ്ചോടെയാണ് ആറു പേരെയും മോചിപ്പിച്ചത്. രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ആളായ നളിനി വെല്ലൂര്‍ ജയിലില്‍നിന്നാണു പുറത്തിറങ്ങിയത്.
ഇതോടെ, കേസില്‍ 1999-ല്‍ സുപ്രീം കോടതി ശിക്ഷ ശരിവച്ച ഏഴുപേരും മോചിതരായി. മറ്റൊരു പ്രതി എ ജി പേരറിവാളനെ മോചിപ്പിക്കാന്‍ ഈ വര്‍ഷം മേയില്‍ കോടതി ഉത്തരവിട്ടിരുന്നു. ഭരണഘടനയുടെ 142-ാം അനുച്‌ഛേദം പ്രകാരമുള്ള അധികാരം വിനിയോഗിച്ചുകൊണ്ടായിരുന്നു ഉത്തരവ്.
1991 മേയ് 21 നു തമിഴ്‌നാട്ടിലെ പെരുംപുതൂരില്‍ എല്‍ ടി ടി ഇ നടത്തിയ ചാവേര്‍ ബോംബ് സ്ഫോടനത്തിലാണു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിലെ 41 പ്രതികളില്‍ 26 പേര്‍ക്കു 1998-ല്‍ ടാഡ കോടതി വധശിക്ഷ വിധിച്ചു. ഇതില്‍ 12 പേര്‍ സ്‌ഫോടനത്തിലോ അന്വേഷണത്തിനിടയിലോ മരിച്ചവരായിരുന്നു.
1999 മേയില്‍ നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. പയസ്, രവിചന്ദ്രന്‍, ജയകുമാര്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തു. മറ്റു 19 പേരെ ശിക്ഷയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
2000-ല്‍ നളിനിയുടെ വധശിക്ഷ ഇളവ് ചെയ്തിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ശിപാര്‍ശയുടെയും സോണിയ ഗാന്ധിയുടെ അഭ്യര്‍ഥനയുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്. 2014 ല്‍ പേരറിവാളന്‍ ഉള്‍പ്പെടെ മറ്റു മൂന്നു പേരുടെ വധശിക്ഷ ഇളവ് ചെയ്തു.
രാജീവ് ഗാന്ധി വധിക്കപ്പെട്ട് ഏകദേശം ഒരു മാസത്തിന് ശേഷമാണു നളിനിയും മുരുകനും അറസ്റ്റിലായത്. ആക്രമണം നടത്തിയ ശ്രീലങ്കന്‍ വനിതകളായ ശുഭ, ധനു എന്നിവര്‍ക്കു താന്‍ ആതിഥ്യമരുളിയതായി നളിനിയുടെ ടാഡ കസ്റ്റഡിയിലുള്ള സമയത്തെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു.
സംഭവദിവസം ശുഭയും ധനുവും ധരിച്ച വസ്ത്രങ്ങള്‍ വാങ്ങാന്‍ നളിനി കൊണ്ടുപോയതായും ആക്രമണ പദ്ധതി മുന്‍കൂട്ടി അറിഞ്ഞതായും രാജീവിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ അവരെ അനുഗമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ധനു സ്വയം പൊട്ടിത്തെറിച്ച ശേഷം നളിനിയും ശുഭയും സംഭവത്തിന്റെ സൂത്രധാരന്‍ ശിവരശനും ഓടി രക്ഷപ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു