ന്യൂഡൽഹി: ഒരാണ്ട് തികയുന്പോഴും ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാന അന്വേഷണം എങ്ങുമെത്താത്തതോടെ ഡല്‍ഹി സിബിഐ ആസ്ഥാനത്ത് ആരംഭിച്ച വിദ്യാര്‍ത്ഥി ഉപരോധം തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ നജീബിന്റെ മാതാവ് അടക്കമുള്ളവരും ഇന്നലെ രാത്രി സിബിഐ ആസ്ഥാനത്തിന് മുന്നില്‍ നടുറോട്ടില്‍ കുത്തിയിരുന്നു. കുറ്റവാളികളെ സി.ബി.ഐ സംരക്ഷിക്കുകയാണെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് ആരോപിച്ചു.
എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ധനത്തിന് പിന്നാലെ ജെഎന്‍യുവില്‍ നജീബ് അഹമ്മദെന്ന പി.ജി വിദ്യാര്‍ത്ഥിയെ കാണാതായിട്ട് നാളെ ഒരാണ്ട് തികയുകയാണ്. ഡൽഹി പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനെത്തുടർന്ന് ഡൽഹി ഹൈകോടതി കേസ് സി.ബി.ഐക്ക് കൈമാറിയെങ്കിലും അവരും ഇരുട്ടിൽതപ്പുകയാണ്. നജീബിനെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം പത്തുലക്ഷം രൂപയായി ഉയർത്തിയെന്നല്ലാതെ സി.ബി.ഐ അന്വേഷണത്തിൽ മറ്റു പുരോഗതിയൊന്നും ഇതുവരെയുണ്ടായിട്ടില്ല.
ജെ.എൻ.യുവിൽ ചേർന്ന് 15 ദിവസങ്ങൾക്കുള്ളിലാണ് നജീബിനെ കാണാതാവുന്നത്. മറ്റൊരു വിദ്യാർഥിയുമായി ഉണ്ടായ വാക്തർക്കം ഏറ്റെടുത്ത എ.ബി.വി.പി പ്രവർത്തകർ നജീബിനെ ക്രൂരമായി മർദിച്ചു. സാരമായി പരിക്കേറ്റതിനെത്തുടർന്ന് ഒക്ടോബർ 14ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരിച്ച് ഹോസ്റ്റലിൽ എത്തിയ ശേഷമാണ് കാണാതാവുന്നത്. നജീബിന്റെ മൊബൈൽ, പഴ്സ് എന്നിവ താമസിച്ചിരുന്ന മുറിയിൽ നിന്നും ധരിച്ചിരുന്ന ചെരിപ്പിലൊന്ന് സമീപത്തെ വരാന്തയിൽ നിന്നും ലഭിച്ചിരുന്നു. കാണാതായ അന്നുതന്നെ വിദ്യാർഥികൾ ജെ.എൻ.യു അധികൃതർക്കും ഡൽഹി പൊലീസിനും പരാതി നൽകിയെങ്കിലും തിരിഞ്ഞുനോക്കാൻ തയാറായില്ല. വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
നജീബിന്റെ മാതാവ് ഫാത്വിമ നഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നൽകി. ഇതേത്തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ രാജ്നാഥ് സിങ് നിർദേശിച്ചു. നജീബിനെ കണ്ടെത്തുന്നതിനുപകരം നിരവധി കഥകളാണ് അന്വേഷണസംഘം മെനഞ്ഞത്. കൂടാതെ, നജീബിന്റെ വീട് രാത്രി റെയ്ഡ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും വലിയ പ്രതിഷേധത്തിന് വഴി വെച്ചു.
മാസങ്ങൾക്കുശേഷമാണ് തെളിവന്വേഷിച്ച് നജീബ് താമസിച്ച ഹോസ്റ്റലിലും കാമ്പസിലും പൊലീസ് എത്തിയത്. അന്വേഷണം എങ്ങുമെത്താത്തതിനെത്തുടർന്ന് ഫാത്വിമ നഫീസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് മെയ് 16ന് സി.ബി.ഐക്ക് വിട്ടത്. നജീബിനെ കാണാതായതുമുതൽ കിടപ്പിലായ ഭർത്താവിനെ മറ്റു മക്കളെ ഏൽപ്പിച്ച് നീതി ലഭിക്കാനുള്ള പോരാട്ടത്തിനായി ഡൽഹിയിലേക്ക് താമസം മാറ്റിയിരിക്കുകയാണ് ഫാത്വിമ നഫീസ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook