ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർഥിയായ നജീബ് അഹമ്മദിന്റെ തിരോധാനത്തെപ്പറ്റിയുള്ള അന്വേഷണം സിബിഐ ആരംഭിച്ചു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് സിബിഐ ഈ കേസ് ഏറ്റെടുത്തത്. ജസ്റ്റിസ് ജിഎസ് സിസ്ഥാനിയും രേഖാപിള്ളയുമാണ്‌ നാജീബിന്റെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് കേസിന്‍റെ അന്വേഷണം സിബിഐക്കു വിട്ടത്.

അന്വേഷണ സംഘം ക്യാംമ്പസിൽ എത്തി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ജൂൺ 2 ന് സിബിഐ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബർ 16നാണ് നജീബിനെ കാണാതയത്.

ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോടെക്നോളജിയില്‍ ഒന്നാം വര്‍ഷ എംഎസ്സി വിദ്യാര്‍ഥിയാണ് നജീബ് അഹമദ്. ഒക്ടോബര്‍ പതിനാലിന് തന്‍റെ ഹോസ്റ്റല്‍ മുറിക്ക് മുന്നില്‍ വച്ച് എബിവിപി പ്രവര്‍ത്തകരായ മൂന്നുപേരുമായി നജീബ് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. സംഭവത്തിന് ഒരു ദിവസത്തിനു ശേഷം നജീബിനെ കാണാതാവുന്നു. എബിവിപി നജീബിനെ തട്ടിക്കൊണ്ടുപോയതായി അന്ന് മുതല്‍ ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ ആരോപിക്കുന്നുണ്ട്. എന്തിരുന്നാലും, നജീബിന്റെ നിഗൂഢമായ നിരോധാനത്തില്‍ തങ്ങള്‍ക് ഒരു പങ്കുമില്ല എന്നാണ് എബിവിപിയുടെ പക്ഷം.

സംഭവത്തിനുശേഷം ഒക്ടോബര്‍ 15നു നജീബിനെ കാണ്മാനില്ല എന്നപേരില്‍ നജീബിന്റെ കുടുംബം വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 365 (രഹസ്യവും തെറ്റായതുമായ ഉദ്ദേശത്തോടെ ഒരാളെ തട്ടിക്കൊണ്ടുപോവല്‍ ) ചേര്‍ത്ത് കൊണ്ട് ഡല്‍ഹി പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തുന്നു. ഒക്ടോബര്‍ 15നു കാലത്ത് പതിനൊന്നു മുതല്‍ നജീബിനെ കാണ്മാനില്ല എന്നായിരുന്നു റിപ്പോര്‍ട്ട്‌. നജീബിന്‍റെ തിരോധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ