ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായശേഷം കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നവര്‍ക്ക് സിബിഐ പാരിതോഷികം പ്രഖ്യാപിച്ചു. നജീബ് എവിടെയാണെന്ന സൂചന നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.

ദില്ലി ഹൈക്കോടതി ഉത്തരവ് പ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരുന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ വിമര്‍ശിച്ചാണ് കേസ് സിബിഐ അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.

മകന് നീതി തേടിയാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജി എസ് സിസ്താനി, രേഖ പാള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് സിബിഐക്ക് വിടാന്‍ ഉത്തരവിട്ടിരുന്നത്.

2016 ഒക്ടോബര്‍ പതിനഞ്ചിനാണ് നജീബ് അഹമ്മദ് എന്ന ജെഎന്‍യുവിലെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയെ കാണാതാകുന്നത്. അതിന്റെ തലേ ദിവസം മാഹിമാണ്ഢവി ഹോസ്റ്റലില്‍വെച്ച് ഒരുകൂട്ടം എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് നജീബിനെ കാണാതായത്. സംഭവം നടന്ന് ആറ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പരാതി കൊടുക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയനും നജീബിന്റെ അമ്മ ഫാത്തിമ നഫീസയും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍വകലാശാല അധികൃതരും പരാതി നല്‍കി.

പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന പരാതി ഫാത്തിമ നഫീസ് ഉന്നയിച്ചിരുന്നു. നജീബിന് നീതി തേടി എസ്എഫ്‌ഐയുടെയും വിദ്യാര്‍ഥി യൂണിയന്റെയും നേതൃത്വത്തില്‍ നിരവധി പ്രതിഷേധങ്ങളാണ് നടന്നത്.

Read More : എന്താണ് നജീബ് അഹ്മദ് തിരോധാന കേസ് ?

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ