നാഗ്പൂർ: മോഷ്ടിക്കപ്പെട്ട ഹൃദയം കണ്ടെത്തി തരണമെന്ന ആവശ്യവുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ. നാഗ്പൂരിലെ പൊലീസ് സ്റ്റേഷനിലാണ് വ്യത്യസ്തമായ പരാതിയുമായി യുവാവ് എത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒരു പെൺകുട്ടി തന്റെ ഹൃദയം മോഷ്ടിച്ചുവെന്നും അത് കണ്ടെത്തി തരണമെന്നുമാണ് യുവാവിന്റെ പരാതി. സാധനങ്ങൾ മോഷണം പോയത് കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് പരാതികൾ ലഭിക്കാറുണ്ട്. പക്ഷേ യുവാവിന്റെ പരാതി പൊലീസുകാരെ തന്നെ ആശയക്കുഴപ്പത്തിലാക്കി. അവർ ഈ വിവരം ഉന്നത പൊലീസ് അധികാരികളെ വിവരം അറിയിച്ചു.
ഇന്ത്യൻ ഭരണഘടനയിൽ ഇത്തരമൊരു പരാതിക്കുള്ള വകുപ്പില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്. അവസാനം ഇക്കാര്യം യുവാവിനെ അറിയിക്കുകയും സ്റ്റേഷനിൽനിന്നും മടക്കി അയയ്ക്കുകയും ചെയ്യുകയായിരുന്നു.
അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നാഗ്പൂർ പൊലീസ് കമ്മിഷ്ണർ ഭൂഷൻ കുമാർ ഉപാധ്യ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ചില സമയങ്ങളിൽ ഇത്തരത്തിൽ വിചിത്രമായ പരാതികളും തങ്ങൾക്ക് കിട്ടാറുണ്ടെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളുമായി സംവാദിക്കവേ പറഞ്ഞത്.