കൊഹിമ : കഴിഞ്ഞ ഒരു മാസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലുമായി കുറഞ്ഞത് പന്ത്രണ്ട് പേരാണ് നാഗാലാ‌‍ന്‍ഡില്‍ കൊല്ലപ്പെട്ടത്. ജൂലൈ 26 മുതല്‍ 5,386 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെടുകയും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലിലുമായി പരക്കെ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.

‘അങ്ങേയറ്റം’ നാശനഷ്ടം ഉണ്ടായി എന്നാണ് സംസ്ഥാനത്തെ കനത്ത നാശനഷ്ടങ്ങള്‍ വിലയിരുത്തിയ മുഖ്യമന്ത്രിയുടെ സെക്രട്ടറി അഭിഷേക് സിങ് പറഞ്ഞത്. ” നാഗാലാ‌‍ന്‍ഡിലെ മേല്‍മണ്ണ് പെട്ടെന്ന് ഇളകിപോകുന്നതാണ്. അത് സംസ്ഥാനത്തെ പെട്ടെന്ന് മണ്ണിടിച്ചില്‍ നേരിടുന്ന പ്രദേശമാക്കുന്നു.” മുഖ്യമന്ത്രി നെയ്‌പ്യു റിയോ പറഞ്ഞു. കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെടുകയും പല ഗ്രാമങ്ങളും ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 29ന് സംസ്ഥാനത്തിനുവേണ്ടി സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് മുഖ്യമന്ത്രി റിയോ ട്വീറ്റ് ചെയ്യുകയുണ്ടായി.

പ്രളയക്കെടുതിയില്‍ കഴിയുന്ന നാഗാലാ‌‍ന്‍ഡിന് ഇതുവരേക്കും കേന്ദ്രസഹായം ഒന്നും തന്നെ ലഭിച്ചിട്ടില്ല. സെപ്റ്റംബര്‍ 4നും 7നും സംസ്ഥാനത്ത് എത്തുന്ന അഭ്യന്തര മന്ത്രാലയത്തിന്റെ സംഘത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് നാഗാലാ‌‍ന്‍ഡ്. അതേസമയം പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട ഉള്‍ഗ്രാമങ്ങളിലേക്ക് വ്യോമ മാര്‍ഗം ഭക്ഷണം എത്തിക്കുന്നുണ്ട്.

മ്യാന്മറിനോട്‌ അതിര്‍ത്തി പങ്കിടുന്ന കിഫിരെ ജില്ല ഒറ്റപ്പെട്ടിരിക്കുകയാണ്. കിഫിരെയുടെ പുനരധിവാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി മുഖ്യമന്ത്രി പത്ത് ലക്ഷം രൂപയുടെ അടിയന്തര സഹായം അനുവദിച്ചിരുന്നു. ഡിമാപ്പൂരില്‍ നിന്ന് 12-13 മണിക്കൂര്‍ ദൂരത്തിലുള്ള സ്ഥലത്തേക്ക് ഒരേയൊരു റോഡ്‌ ആണ് ഉള്ളത്. ഈ റോഡിലെ ഗതാഗതവും നിലച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook