ന്യൂഡൽഹി: നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകീട്ട് 4 വരെയാണ് പോളിങ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
60 സീറ്റുകളുള്ള മേഘാലയയിൽ സോഹിയോങ് മണ്ഡലത്തിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യു.ഡി.പി) സ്ഥാനാർഥി എച്ച്.ഡി.ആർ ലിങ്ദോയുടെ നിര്യാണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. 59 സീറ്റുകളിലേക്കാണ് മേഘാലയയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 369 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 21.6 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.
60 സീറ്റുകളുള്ള നാഗാലാൻഡിലും 59 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് 13.17 ലക്ഷം വോട്ടർമാരാണുള്ളത്. 183 പേരാണ് ജനവിധി തേടുന്നത്. കോൺഗ്രസ് സ്ഥാനാർഥി അപ്രതീക്ഷിതമായി നാമനിർദേശ പത്രിക പിൻവലിച്ചതിനെ തുടർന്ന് നാഗാലാൻഡിൽ ഒരു സീറ്റിൽ ബിജെപി സ്ഥാനാർഥി നേരത്തെ വിജയിച്ചിരുന്നു.
മേഘാലയയിൽ ഇത്തവണ ബിജെപി തനിച്ചാണ് മത്സരിക്കുന്നത്. കോൺഗ്രസ്, ബി ജെ പി, കോൺറാഡ് സാങ്മയുടെ എൻപിപി (നാഷണൽ പീപ്പിൾസ് പാർട്ടി), മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് തുടങ്ങിയവാണ് മേഘാലയില്‍ മത്സര രംഗത്തുള്ള പ്രമുഖ പാർട്ടികള്‍. നാഗാലാൻഡിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. എൻഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് ബിജെപി മത്സരിക്കുന്നത്.