ഗുവാഹത്തി: നാഗാലാന്റിൽ വിഘടനവാദികളും സൈന്യവും തമ്മിലുണ്ടായ ആക്രമണത്തിൽ ഒരു പട്ടാളക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു. മ്യാന്മാർ അതിർത്തിയിൽ മോൻ ജില്ലയിലാണ് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം(കെ) യും ഉൾഫ ഭീകരരും ഇന്ത്യൻ സൈന്യത്തിന് എതിരെ ആക്രമണം നടത്തിയത്.
അതിർത്തി സേനയിലെ 164 ബ്രിഗേഡ് മേജർ ഡേവിഡ് മൺലൂണാണ് കൊല്ലപ്പെട്ടത്. ഭീകരർ തമ്പടിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അതിർത്തി ഗ്രാമമായ ലാപ്പയിലേക്ക് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സൈനിക സംഘം പോയപ്പോഴായിരുന്നു ആക്രമണം.
സൈന്യം ആക്രമണം ആരംഭിച്ചപ്പോൾ ഭീകരർ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്തു. ഈ ആക്രമണത്തിലാണ് മേജർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ലഫ്റ്റനന്റ് കേണൽ ചിരഞ്ജിത്ത് കൊൻവർ പറഞ്ഞു. നാഗാലാന്റിൽ നിന്ന് കിഴക്ക് 350 കിലോമീറ്റർ അകലെയാണ് ലാപ്പ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 20-25 കിലോമീറ്റർ ദൂരം മാത്രമേ മ്യാന്മാർ അതിർത്തിയിലേക്കുള്ളൂ.
ലാപ്പ ഗ്രാമവാസിയായ ഒരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മണിപ്പൂർ സ്വദേശിയാണ കൊല്ലപ്പെട്ട മേജർ. ഇദ്ദേഹം ഷില്ലോംഗിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. മൃതദേഹം ഔപചാരിക നടപടികൾക്ക് ശേഷം വിമാനമാർഗ്ഗം വീട്ടിലേക്ക് അയച്ചതായി സൈന്യത്തിന്റെ വക്താവ് അറിയിച്ചു.