ഗുവാഹത്തി: നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ തുടർഭരണ പ്രതീക്ഷയാണ് നാഗാലാന്റിലെ തിരഞ്ഞെടുപ്പിന് പ്രാധാന്യം നൽകുന്നത്. ബിജെപി സംസ്ഥാനം പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ നാഗാ തിരഞ്ഞെടുപ്പിൽ പക്ഷെ ക്രൈസ്തവ സഭയുടെ നിലപാടടക്കം അവർക്ക് വെല്ലുവിളിയായി.

മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന നെയിഫിയു റയോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഇവിടെയും 59 സീറ്റിലാണ് മൽസരം. നേരത്തേ നാഗാ പീപ്പിൾസ് ഫ്രണ്ടുമായി കൂട്ടുകെട്ട് ഉണ്ടാക്കിയ ബിജെപി ഇത്തവണ നാഷനലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർ‍ട്ടിയുമായി (എൻഡിപിപി) സഖ്യമുണ്ടാക്കിയാണ് മൽസരിച്ചത്. ബിജെപി 20 സീറ്റിൽ മൽസരിക്കുന്നു.

നെയിഫിയു റയോയടക്കം 40 സീറ്റിലാണ് ബിജെപിയുടെ സഖ്യകക്ഷിയായ എൻഡിപിപി മൽസരിക്കുന്നത്. ആദ്യം 23 സീറ്റിൽ മൽസരിക്കാൻ ആലോചിച്ച കോൺഗ്രസ്, പിന്നീട് 18ലേക്കു ചുരുക്കി. പണമില്ലെന്ന് പറഞ്ഞ് സ്ഥാനാർത്ഥികൾ മൽസരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു ഇത്. ഒരു സീറ്റുപോലും ജയിക്കില്ലെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെമേ ഖാപേ തേരിയുടെ പ്രവചനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook