പ്രയാഗ്‌രാജ്: കുംഭമേളയ്ക്ക് എത്തിയ സന്യാസിമാരില്‍ പലരും പുകവലി ഉപേക്ഷിച്ചു. ഇവരുടെ കൈയിലുളള ഛില്ലം (പുകവലിക്കാന്‍ ഉപയോഗിക്കുന്ന മണ്‍പൈപ്പ്) ഇവര്‍ യോഗാ ഗുരു ബാബാ രാംദേവിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ ദിവസം ബാബാ രാംദേവാണ് ഇവരോട് പുകവലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. ഹിന്ദു ദൈവങ്ങള്‍ പുകവലിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സന്യാസിമാരോട് ഈ ശീലം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. കഞ്ചാവ് ഉപയോഗിച്ച് പുകവലിക്കാനാണ് സന്യാസിമാര്‍ ഛില്ലം ഉപയോഗിക്കുന്നത്.

നാഗസന്യാസിമാരുടെ കൈവശം ആകെ ഉണ്ടാവാറുളളത് ഛില്ലവും രുദ്രാക്ഷവും മാലയും മാത്രമായിരിക്കും. തണുപ്പുളള പ്രദേശങ്ങളില്‍ ചൂടുപിടിക്കാനാണ് ഇവര്‍ പുകവലിക്കാറുളളത്. വിശുദ്ധ അഗ്നിയെന്ന് പേരിട്ട ‘ധുനി’യുടെ ചുറ്റുമിരുന്ന് നാഗസന്യാസിമാര്‍ ഉറങ്ങാതെ പുലരുവോളം ഛില്ലം വലിക്കാറുണ്ട്. കുംഭമേളയില്‍ യോഗ ക്ലാസ് എടുക്കുന്ന ബാബാ രാംദേവ് സന്യാസിമാരെ സമീപിച്ച് ഛില്ലം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഗുരുദക്ഷിണയായി തനിക്ക് ഛില്ലം മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘നമ്മൾ ആരാധിക്കുന്ന രാമനോ കൃഷ്ണനോ പുകവലിക്കാറില്ല, പിന്നെന്തിന് നാം അത് ചെയ്യണം?​ സന്യാസത്തിനായി നാടും വീടും ബന്ധങ്ങളും എല്ലാം ഉപേക്ഷിച്ചവരാണ് നമ്മൾ,​ അതുകൊണ്ട് പുകവലി കൂടി ഉപേക്ഷിക്കാൻ നമ്മൾ തയാറാവണം എന്നാണ് രാംദേവ് പറയുന്നത്.

മേളയ്ക്കെത്തിയ നിരവധി സന്യാസിമാരുടെ കൈയ്യിൽ നിന്ന് പുകവലിക്കാനുപയോഗിക്കുന്ന ഛില്ലം വാങ്ങുകയും ഇനി മേലിൽ പുകവലിക്കില്ലെന്ന് അവരെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. സന്യാസിമാരുടെ കൈയ്യിൽ നിന്ന് ശേഖരിച്ച പുകവലി ഉപകരണങ്ങൾ താൻ നിർമ്മിക്കുന്ന മ്യൂസിയത്തിൽ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുകവലിയും പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കാൻ താൻ യുവാക്കളെ നിരന്തരം പ്രേരിപ്പിക്കാറുണ്ട്. എന്ത് കൊണ്ട് മഹാത്മാക്കളായ സന്യാസിമാർക്ക് അതിന് സാധ്യമാകുന്നില്ലെന്നും രാംദേവ് ചോദിച്ചു. എല്ലാ സന്യാസിമാരും പുകവലി ഉപേക്ഷിക്കണമെന്നാണ് രാംദേവിന്റെ ആവശ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ