ജറുസലേം: ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിനെതിരായ തന്റെ അഭിപ്രായങ്ങള്‍ക്കെതിരെയുള്ള വ്യാപകമായ വിമര്‍ശനങ്ങളില്‍ തളരാതെ ഇസ്രായേല്‍ സംവിധായകന്‍ നദവ് ലിപിഡ്. ‘സിനിമയുടെ വേഷം കെട്ടിയ പ്രചാരവേലയെ തിരിച്ചറിയാന്‍ തനിക്കറിയാം’ എന്നതിനാല്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ പ്രചാരവേലയുടെ ഭാഗമായുള്ള അശ്ലീല ചിത്രമാണെന്നായിരുന്നു ഗോവയില്‍ സമാപിച്ച രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാനായ നദവ് ലിപിഡിന്റെ വിമര്‍ശം. ഈ ചിത്രം ചലച്ചിത്രോത്സവത്തിന്റെ പനോരമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മേളയുടെ സമാപനച്ചടങ്ങിലാണ് അദ്ദേഹം വിമര്‍ശമുന്നയിച്ചത്. തുടര്‍ന്ന് ഓണ്‍ലൈനില്‍ രൂക്ഷമായ ആക്രമണമാണ് അദ്ദേഹം നേരിടുന്നത്.
മോശം സിനിമകള്‍ നിര്‍മിക്കുന്നതു കുറ്റമല്ലെന്നു പറഞ്ഞ ലിപിഡ്, ‘ദി കശ്മീര്‍ ഫയല്‍സ്’ അപരിഷ്‌കൃതവും കൗശലത്താന്‍ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ളതും അക്രമാസക്തവുമാണെന്നും കുറ്റപ്പെടുത്തി. ഇസ്രായേലി പത്രമായ ഹാരെറ്റ്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര ജൂറിയുടെ തലവനെന്ന നിലയില്‍ തന്റെ അഭിപ്രായം പറയേണ്ടതു കടമയാണെന്നു തോന്നിയതായി ലിപിഡ് പറഞ്ഞു. ‘ഇസ്രായേലില്‍ വൈകാതെ ഒരു ദിവസം സംഭവിക്കാനിടയുള്ള സമാനമായ സാഹചര്യം എനിക്കു സങ്കല്‍പ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നതാണു സത്യം. അത്തരമൊരു സാഹചര്യത്തില്‍ വിദേശ ജൂറിയുടെ തലവന്‍ താന്‍ കാണുന്നതുപോലെ കാര്യങ്ങള്‍ പറയാന്‍ തയാറാവുന്നതില്‍ സന്തോഷമുണ്ട്. ഒരു തരത്തില്‍, എന്നെ ക്ഷണിച്ച സ്ഥലത്തോടുള്ള കടമയാണെന്ന് എനിക്കു തോന്നി,” അദ്ദേഹം പറഞ്ഞു.
ഒമ്പതു ദിവസം നീണ്ട ഐ എഫ് എഫ് ഐയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നവംബര്‍ 22 നാണു ‘ദി കശ്മീര്‍ ഫയല്‍സ്’ പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ കടുത്ത വിമര്‍ശമാണു സമാപനച്ചടങ്ങില്‍ ലിപിഡ് ഉന്നയിച്ചത്.
തുടര്‍ന്ന് ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ അഗ്‌നിഹോത്രി, അഭിനേതാക്കളായ അനുപം ഖേര്‍, പല്ലവി ജോഷി എന്നിവര്‍ ഉള്‍പ്പെടെയുള്ള ‘ദ കശ്മീര്‍ ഫയല്‍സ്’ ടീം അംഗങ്ങളും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉള്‍പ്പെടയുള്ള നിരവധി ബി ജെ പി നേതാക്കളും ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നൂര്‍ ഗിലോണ്‍ തുടങ്ങിയവര്‍ ലാപിഡിനെ വിമര്‍ശിച്ചിരുന്നു. ലിപിഡിന്റേതു വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു മറ്റൊരു ജൂറി അംഗമായ സുദീപ്‌തോ സെന്‍ പറഞ്ഞത്.