ന്യൂഡൽഹി: പാക്ക് അധിനിവേശ കശ്മീരിൽ നടത്തിയതുപോലുള്ള മിന്നലാക്രമണങ്ങൾ ഇനിയും ഇന്ത്യ നടത്തിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാൻ ഇന്ത്യയുടെ അയൽരാജ്യമാണ്. അവർ നല്ല പ്രവൃത്തികളിലേക്ക് നീങ്ങിയാൽ മിന്നലാക്രമണം പോലുള്ള നടപടികളിലേക്ക് ഇന്ത്യയ്ക്ക് കടക്കേണ്ടി വരില്ല. എന്നാൽ ഭീകരസംഘടനകളെ ഉപയോഗിച്ചോ മറ്റേതെങ്കിലും തരത്തിലോ ഇന്ത്യയെ ലക്ഷ്യമിട്ടാൽ മിന്നലാക്രമണം നടത്തില്ലെന്ന ഉറപ്പ് നൽകാനാവില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ദേശീയ മാധ്യമമായ ന്യൂസ് 18 നു നൽകിയ അഭിമുഖത്തിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

ഭീകരവാദത്തെ തുടച്ചുനീക്കണമെന്നു ഇസ്‌ലാമാബാദ് ഗൗരവമായി ചിന്തിക്കുന്നുണ്ടെങ്കിൽ ലഷ്കറെ തയിബ മേധാവി ഹാഫിസ് സയിദിനെ വീട്ടുതടങ്കലിൽ ആക്കിയാൽ മാത്രം പോര. അയാൾക്കെതിരെ നിയമപരമായി നടപടികൾ സ്വീകരിച്ച് ജയിലിലടയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. അതിൽ വിജയിക്കുമെന്ന പൂർണ വിശ്വാസമുണ്ട്. അതെപ്പോൾ വേണമെന്നു മാത്രമാണ് ഇനി തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ യുഎൻ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ചൈന എതിർത്തതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ആഭ്യന്തര കാര്യങ്ങളെത്തുടർന്നാണ് ഇന്ത്യയുടെ ആവശ്യത്തെ ചൈന എതിർത്തത്. എന്നാൽ ഭാവിയിൽ ഇന്ത്യയെ അവർ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ