മൈസുരു: അമ്പലനടയില്‍ യാചനയ്ക്ക് ഇരുന്ന സ്ത്രീ ക്ഷേത്രത്തിന് രണ്ടര ലക്ഷം രൂപ സംഭാവന നല്കി. മൈസുരുവിലാണ് സംഭവം നടന്നത്. മൈസൂരിലെ വോണ്ടിക്കോപ്പല്‍ പ്രസന്ന ആഞ്ജനേയ സ്വാമിക്ഷേത്ര നടയില്‍ ഭിക്ഷയാചിച്ചിരുന്ന 85കാരിയാണ് വര്‍ഷങ്ങളായി സ്വരൂപിച്ച രണ്ടര ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന ചെയ്തത്.
വീടുകളില്‍ ജോലി ചെയ്ത് ജീവിച്ചിരുന്ന സീതാലക്ഷ്മി ശാരീരിക അവശതമൂലം ജോലിക്ക് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് 10 വര്‍ഷത്തിനടുത്തായി ക്ഷേത്രത്തിനു മുന്‍വശത്ത് ഭിക്ഷയെടുക്കുകയാണ്. ഇങ്ങനെ ലഭിച്ച തുകയാണ് ക്ഷേത്രത്തിന് കൈമാറിയത്. ഗണേശോത്സവത്തോടനുബന്ധിച്ച് 30,000 രൂപയും ശേഷം രണ്ടു ലക്ഷം രൂപയുമാണ് സീത ലക്ഷ്മി ക്ഷേത്രത്തിനു സംഭാവനയായി നല്‍കിയത്.
ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ വിപുലീകരിക്കാനും എല്ലാ വര്‍ഷവും ഹനുമാന് ജയന്തിക്ക് ഭക്തര്‍ക്ക് പ്രസാദം നല്‍കാനും ഈ പണം ചെലവഴിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ ഭക്തര്‍ തനിക്ക് ദാനം തന്ന തുകയാണിതെന്നും ഇത് ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്നും ഇവര്‍ പറഞ്ഞു. പണം താന്‍ സൂക്ഷിക്കുകയാണെങ്കില്‍ ആരെങ്കിലും അത് മോഷ്ടിക്കും, അതിനാല്‍ തന്നെ സംരക്ഷിക്കുന്ന ക്ഷേത്രത്തിനു തുക കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.
സീതാലക്ഷ്മി നല്കിയ തുക നീതിപൂര്‍വമായി ചെലവഴിക്കുമെന്നും അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുമെന്നും ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് എം. ബസവരാജ് അറിയിച്ചു. അവര്‍ ഭക്തരോട് ഒരിക്കലും ഭീക്ഷ യാചിച്ചില്ലെന്നും ഭക്തര്‍ ഇഷ്ടപ്പെടുന്ന തുക അവര്‍ക്ക് നല്‍കുകയാണ് ചെയ്യാറുളളതെന്നും അദ്ദേഹം പറഞ്ഞു. സംഭാവനയുടെ വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേര് സീതാലക്ഷ്മിക്ക് കൂടുതല്‍ തുക നല്‍കാനും അനുഗ്രഹം വാങ്ങാനും എത്തുകയാണ്.