ബെംഗളുരു: മൈസുരു കൂട്ടബലാത്സംഗക്കേസില്‍ തമിഴ്നാട് തിരൂപ്പൂർ സ്വദേശികളായ ഉൾപ്പെടെ അഞ്ചു പേര് അറസ്റ്റില്‍. ഇതിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. മറ്റൊരു കുറ്റാരോപിതൻ ഒളിവിലാണ്.
കുറ്റോരോപിതർ തൊഴിലിനായി പതിവായി മൈസൂരു സന്ദർശിക്കാറുള്ളവരാണെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ് പറഞ്ഞു. ഡ്രൈവർ, മരപ്പണിക്കാരൻ, പെയിന്റ് പണിക്കാരൻ ഉൾപ്പെടയുള്ള തൊഴിലാളികളാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്.
സംഭവസ്ഥലത്തുനിന്നു ലഭിച്ച സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കേസ് തെളിയിച്ചതെന്നു ഡിജിപി പറഞ്ഞു. ”ഇരയുടെ മൊഴി ഇതുവരെ ശേഖരിച്ചിട്ടില്ല. കാരണം പെണ്‍കുട്ടി ആഘാതത്തില്‍നിന്ന് കരകയറിയിട്ടില്ല. പെണ്‍കുട്ടിയുടെ പുരുഷ സുഹൃത്തില്‍നിന്ന് ചില വിശദാംശങ്ങള്‍ ലഭിച്ചു. അപൂര്‍ണമായിരുന്ന ആ വിവരങ്ങള്‍ അന്വേഷണത്തില്‍ കൂടുതല്‍ സഹായിച്ചില്ല,” അദ്ദേഹം പറഞ്ഞു .
അതേസമയം, കേസ് വിജയകരമായി തെളിയിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ഉച്ചയ്ക്ക് രണ്ടോടെ പൊലീസോ താനോ അറിയിക്കുമെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര രാവിലെ പറഞ്ഞിരുന്നു.
മൈസുരുവില്‍ എംബിഎയ്ക്കു പഠിക്കുന്ന ഇരുപത്തി മൂന്നുകാരിയാണു കൂട്ടബലാത്സംഗത്തിനിരായത്. കര്‍ണാടകയ്ക്കു പുറത്തുനിന്നുള്ള പെണ്‍കുട്ടി കൂട്ടുകാരനൊപ്പം വനപ്രദേശത്തുനിന്ന് മടങ്ങിവരുമ്പോഴാണ് ബലാത്സംഗത്തിന് ഇരയായത്. ലളിതദ്രിപുര പ്രദേശത്ത് തിപ്പയ്യനക്കെരെ മേഖലയില്‍ ചൊവ്വാഴ്ച രാത്രി എട്ടോടെയാണു സംഭവം നടന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ നാലോ അഞ്ചോ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് നേരത്തെ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കു 17 വയസുണ്ടെന്നും ഇതു പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ടെന്നും ഡിജിപി പറഞ്ഞു. എന്നാല്‍, ഗുരുതര സ്വഭാവമുള്ള കേസുകളില്‍, 16 വയസിനു മുകളിലുള്ളവരെയും സാധാരണ കോടതിയില്‍ വിചാരണ ചെയ്യുമെന്ന്, 2012 ലെ ഡല്‍ഹി കൂട്ടബലാത്സംഗക്കേസിനുശേഷം പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ സംബന്ധിച്ച നിര്‍വചനത്തിലെ മാറ്റം ഉദ്ധരിച്ച് സൂദ് പറഞ്ഞു. ഇരകളില്‍നിന്ന് മൂന്നു ലക്ഷം രൂപ തട്ടിയെടുക്കാന്‍ കുറ്റാരോപിതര്‍ ശ്രമിച്ചതായി ഡിജിപി കൂട്ടിച്ചേര്‍ത്തു.
”ഞങ്ങള്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കും. ഇരയുടെ മൊഴി എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്) ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണോയെന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നുണ്ടെന്നും വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നുമായിരുന്നു ഡിജിപിയുടെ മറുപടി.
അതിനിടെ, പെണ്‍കുട്ടി വെള്ളിയാഴ്ച മൈസൂരു വിട്ടതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ”ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച്, അവളുടെ മാതാപിതാക്കള്‍ അവളെ സ്വന്തം നാട്ടിലേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചു, വെള്ളിയാഴ്ച ഉച്ചയ്ക്കുപോയി. യാത്ര ചെയ്യാന്‍ പറ്റുന്ന സാഹചര്യത്തിലായിരുന്നില്ല പെണ്‍കുട്ടി. പക്ഷേ അവര്‍ കൊണ്ടുപോയി,” ഉദ്യോഗസ്ഥന് പറഞ്ഞു.
Also Read: കാബൂള്‍ സ്ഫോടനത്തില്‍ തിരിച്ചടിച്ച് അമേരിക്ക; അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം