ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് ശശികലയുടെ ഭർത്താവ് നടരാജന്റെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിവാദത്തിൽ. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിന്‍റെ അവയവങ്ങള്‍ നടരാജന് മാറ്റിവച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും ശസ്ത്രക്രിയ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പുതുക്കോട്ട സ്വദേശി കാർത്തിക്കിന്റെ കരളും വൃക്കയുമാണ് നടരാജനു മാറ്റിവച്ചത്. തഞ്ചാവൂരിലെ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കാർത്തിക്കിനെ റോഡ് മാര്‍ഗം തിരുച്ചിറപ്പള്ളിയിലേക്കും അവിടെനിന്നും എയര്‍ ആംബുലന്‍സില്‍ ചെന്നൈയിൽ നടരാജനെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിലേക്കും എത്തിക്കുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചെന്ന് ചെന്നൈയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അവയവം മാറ്റിവയ്ക്കാന്‍ കാർത്തിക്കിന്റെ രക്ഷിതാക്കള്‍ സമ്മതിച്ചത്.

അവയവ ദാനം ചെയ്ത കാർത്തിക്കിന്റെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. അപകടത്തിൽ പരുക്കേറ്റ മകനെ അവർക്ക് എയർ ആംബുലൻസിൽ ചെന്നൈയിൽ എത്തിക്കാനുളള പണം എവിടെനിന്നും കിട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസെ സൗന്ദരരാജൻ ചോദിച്ചു. അവയവം മാറ്റിവയ്ക്കുമ്പോള്‍ സ്വീകരിക്കേണ്ട പല ചട്ടങ്ങളും ലംഘിച്ചെന്നും അവർ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ