വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂഡ്സണ്‍ നദിയില്‍ മരിച്ച നിലയില്‍ സൗദി സഹോദരിമാരെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. പരസ്പരം കയറ് കൊണ്ട് കെട്ടിയ നിലയിലായിരുന്നു കഴിഞ്ഞയാഴ്ച്ച മൃതദേഹം കണ്ടെത്തിയത്. 16കാരിയായ താലാ ഫരീയ, 22കാരിയായ റോത്താന ഫരീയ എന്നിവരുടെ മൃതദേഹം മുഖത്തോട്ട് മുഖം നോക്കി രീതിയില്‍ കെട്ടിയ നിലയിലായിരുന്നു. സംഭവം കൊലപാതകം ആണോ ആത്മഹത്യയാണോ എന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

2015ലാണ് സൗദി സഹോദരിമാര്‍ മാതാവിനോടൊപ്പം‍ വിര്‍ജീനിയയില്‍ എത്തിയത്. നേരത്തേ വീട്ടില്‍ നിന്നും ഇരുവരും ഓടിപ്പോയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എന്നാല്‍ വീട്ടില്‍ നിന്നും 400 കി.മി. ദൂരെയുളള നദിയില്‍ ഇരുവരും എങ്ങനെ എത്തി എന്നത് ഇതുവരെയും കണ്ടെത്താനായിട്ടില്ല. വാഷിംഗ്ടണിലുളള സഹോദരനൊപ്പമാണ് ഇരുവരും ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ച സഹോദരിമാരെ നദിയുടെ തീരത്തുളള പാര്‍ക്കില്‍ കണ്ടതായി വിവരമുണ്ട്.

ജോര്‍ജ് വാഷിംങ്ടണ്‍ പാലത്തില്‍ നിന്നും ഇരുവരും ചാടിയതായിരിക്കാം എന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ഇത്രയും ഉയരമുളള പാലത്തില്‍ നിന്നും ചാടുമ്പോള്‍ ഉണ്ടേയാക്കാവുന്ന പരുക്കുകളൊന്നും പെണ്‍കുട്ടികളുടെ ദേഹത്ത് കണ്ടെത്താനാവാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. വെളളിയാഴ്ച്ച ഇരുവരുടേയും സ്കെച്ച് പുറത്തുവിട്ടപ്പോഴാണ് ഇരുവരും സൗദിയില്‍ നിന്നുളളവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ രണ്ട് മാസമായി ഇരുവരും ന്യൂയോര്‍ക്കിലാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമെ പ്രതികരണം നടത്താനാവു എന്ന് പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook