/indian-express-malayalam/media/media_files/uploads/2017/02/jayalalithaa70217.jpg)
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് അണ്ണാഡിഎംകെ നേതാവ് പി.എച്ച്.പാണ്ഡ്യൻ. മരണത്തിന് മുൻപ് പോയസ് ഗാർഡനിൽ വാക്കു തർക്കമുണ്ടായി. ജയലളിതയെ ആരോ പിടിച്ച് തളളിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജയലളിതയുടെ മൃതദേഹം എന്പാം ചെയ്യാൻ നാലു മണിക്കൂർ വേണമെന്ന് ഡോക്‌ടർമാർ പറഞ്ഞു. എന്നാൽ പതിനഞ്ച് മിനിറ്റ് മാത്രമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയാറെടുക്കുന്ന ജയലളിതയുടെ തോഴി കൂടിയായിരുന്ന ശശികലയ്‌ക്ക് എതിരെയും പാണ്ഡ്യൻ ആഞ്ഞടിച്ചു. മുൻപ് ഒരു കൗൺസിലർ പദവി പോലും ഏറ്റെടുക്കില്ലെന്ന് പറഞ്ഞ ശശികല എന്തിനാണ് ഇപ്പോൾ മുഖ്യമന്ത്രി ആകാൻ തയാറെടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ചെന്നൈയിലെ വീട്ടിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പാണ്ഡ്യൻ ഇക്കാര്യങ്ങൾ പറഞ്ഞത്. എംജിആറിന്റെയും ജയലളിതയുടെയും കൂടെ സജീവമായി ഉണ്ടായിരുന്ന നേതാവാണ് പാണ്ഡ്യൻ. മുൻ സ്പീക്കറായിരുന്നു. എംജിആറിന്റെ മരണശേഷം ജാനകി രാമന്റെ വിഭാഗത്തിനൊപ്പമായിരുന്നു ഇദ്ദേഹം. ജയലളിതയുടെ മരണസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഇദ്ദേഹം. അണ്ണാ ഡിഎംകെയിലെ 40 എംഎൽഎമാർ ശശികലയ്‌ക്കെതിരെ തിരിയുമ്പോഴാണ് പാർട്ടിയിലെ തന്നെ മുതിർന്ന നേതാക്കളിൽ ഒരാളായ ഇദ്ദേഹം ഇത്തരത്തിൽ ഒരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജയലളിതയുടെ ചികിൽസയിലോ മരണത്തിലോ ഗൂഢാലാചനയോ ദുരൂഹതയോ ഇല്ലെന്നായിരുന്നു ജയയെ ചികിൽസിച്ച ഡോ.റിച്ചാർഡ് ബീൽ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമാണു മരണത്തിനിടയാക്കിയത്. അഞ്ചര കോടി രൂപയാണ് ചികിൽസയ്ക്കായി ചെലവായത്. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് ഡോ.ബീൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.