ശാസ്ത്രലോകത്ത് തിരയിളക്കം സൃഷ്ടിച്ച് പോര്‍ച്ചുഗീസ് തീരത്ത് നിന്നും കണ്ടെത്തിയ സ്രാവ് വര്‍ഗത്തില്‍ പെട്ട രാക്ഷസരൂപിയായ ജീവി. ശരീരം പാമ്പിന്റേത് പോലെയും ഒരു ഇരപിടിയന്‍ ജീവിയുടേതിന് സമാനമായ താടിയെല്ലുമാണ് ഈ പ്രത്യേകതരം സ്രാവിനുളളത്. യൂറോപ്യന്‍ യൂണിയന്‍ മത്സ്യസമ്പത്ത് ഗവേഷകരാണ് ഇതിനെ അല്‍ഗ്രേവ് തീരത്ത് നിന്നും കണ്ടെത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

8 കോടി വര്‍ഷത്തിന് മുമ്പ് ജീവിച്ചിരുന്ന മത്സ്യ വര്‍ഗത്തിന്റെ ‘ജീവിക്കുന്ന ഫോസില്‍’ എന്നാണ് ഇതിനെ പോര്‍ച്ചുഗീസ് കടല്‍ ഗവേഷക വിഭാഗം വിശേഷിപ്പിക്കുന്നത്. 1.5 അടി നീളമുളള ആണ്‍ മത്സ്യത്തെ പോര്‍ട്ടിമോ പ്രദേശത്ത് 701 അടി താഴ്ചയില്‍ നിന്നാണ് കണ്ടെത്തിയത്. പാമ്പിനെ പോലെ നീളമേറിയ ശരീരമാണ് ഈ സ്രാവിനുളളത്. 300 പല്ലുകളാണ് ഇതിനുളളത്. മറ്റ് മത്സ്യങ്ങളെ എളുപ്പം കെണിയിലാക്കാന്‍ ഈ പല്ലുകളുടെ ക്രമരീതി സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പക്ഷം.

ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജീവിവര്‍ഗത്തിലെ പ്രധാനിയായാണ് ഈ ജീവിയെ ശാസ്ത്രലോകം കാണുന്നത്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ തീരങ്ങളില്‍ നിന്നും നേരത്തേ ഇത്തരം ജീവികളെ കണ്ടെത്തിയിരുന്നു.

ഇതുവരെയും ഇതുപോലൊരു ജീവിയെ ശാസ്ത്രലോകത്തിന് പിടികിട്ടിയിട്ടില്ല. ഇത്തരം ജീവികളെ നേരത്തേ പലരും കണ്ടിട്ടുണ്ടെങ്കിലും ശാസ്ത്രജ്ഞന്മാരുടെ ലാബിലേക്ക് ഇത് ആദ്യമായാണ് എത്തിക്കാന്‍ കഴിയുന്നത്. നാവികന്മാര്‍ പറയാറുളള കടല്‍ക്കഥകളിലെ ‘കടല്‍ സര്‍പ്പം’ ഇതായിരിക്കാം എന്നാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിന്റെ നിഗമനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook