Latest News

മ്യാൻമർ പ്രക്ഷോഭം: വെള്ളിയാഴ്ച മുതൽ ആയിരത്തിലധികം അഭയാർത്ഥികൾ മിസോറാമിലേക്ക് കടന്നതായി സർക്കാർ കണക്ക്

അഭയാർത്ഥികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു

myanmar coup, മ്യാന്മാർ കലാപം, mizoram, മിസോറാം, mynmar refugees, മ്യാന്മാർ അഭയാർത്ഥികൾ, indian government, കേന്ദ്ര സർക്കാർ, ie malayalam
ഫയൽ ചിത്രം

ഗുവാഹത്തി: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥനങ്ങളിലേക്ക് വീണ്ടും അഭയാർത്ഥി പ്രവാഹം. മ്യാൻമാറിൽ വെള്ളിയാഴ്ച നടന്ന പുതിയ അക്രമ സംഭവങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അഭയാർഥികൾ പലായനം ചെയ്യുന്നതിലേക്ക് നയിച്ചതായി അധികൃതർ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനു ലഭിച്ച സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഡാറ്റ പ്രകാരം, വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ മിസോറാമിലെ രണ്ട് ജില്ലകളിലേക്ക് 1,546 അഭയാർഥികളാണ് പ്രവേശിച്ചത്.

മിസോറാമിലെ ഹ്നഥിയാൽ ജില്ലയ്ക്ക് ഏറ്റവും അടുത്തുള്ള അതിർത്തി ഗ്രാമമായ തിൻസായിക്ക് സമീപമുള്ള മ്യാൻമർ ഗ്രാമത്തിൽ ഒരു സൈനിക ക്യാമ്പ് വെള്ളിയാഴ്ച ആക്രമിക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ “ഗണ്യമായ ഒഴുക്ക്” റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞയാഴ്ച രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത നാഷണൽ യൂണിറ്റി ഗവൺമെന്റിന്റെ (എൻ‌യു‌ജി) അനുയായികൾ സൈനിക ഭരണകൂടവുമായി ഏറ്റുമുട്ടിയതിനു പിന്നാലെയാണ് പുതിയ അക്രമം ആരംഭിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടൽ നടന്ന മ്യാൻമറിലെ ഗ്രാമം മിസോറാമിന് വളരെ അടുത്താണ്.

സൈന്യത്താൽ പുറത്താക്കപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളാണ് മ്യാൻമറീസ് എൻ‌യു‌ജി രൂപീകരിച്ചിരിക്കുന്നത്.

ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, 278 അഭയാർത്ഥികൾ ചംഫായ് ജില്ലയിലേക്കും 1,268 അഭയാർത്ഥികൾ ഹ്നഥിയാൽ ജില്ലയിലേക്കും പ്രവേശിച്ചിട്ടുണ്ട്. അതിർത്തിയോട് ചേർന്നുള്ള തിങ്സായിയിൽ, കുറഞ്ഞത് 720 അഭയാർഥികളെങ്കിലും നിലവിൽ അഭയം പ്രാപിക്കുന്നുണ്ട്.

ഹ്നഥിയാൽ ജില്ലയിൽ പ്രവേശിച്ചവർ താത്കാലിക ഷെൽട്ടറുകളിൽ ക്യാമ്പ് ചെയ്യുകയാണെന്ന് ജില്ലാ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. യംഗ് മിസോ ഫൗണ്ടേഷനും (വൈഎംഎ) മറ്റു സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും അവരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സഹായിക്കുന്നുണ്ട് എന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Also read: നീറ്റ് പരീക്ഷയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാൻ നിയമ നിർമാണവുമായി തമിഴ്നാട്

തിംഗ്സായിക്ക് വളരെ അടുത്താണ് വെടിവെപ്പ് നടന്നതെന്ന് റിപ്പോർട്ടുകൾ ലഭിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. “വെടിവെപ്പിന്റെയും ബോംബാക്രമണത്തിന്റെയും ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ പറഞ്ഞതായി,” ഉദ്യോഗസ്ഥൻ പറഞ്ഞു.

സെപ്റ്റംബർ ഒന്ന് വരെ മിസോറാമിലെ 10 ജില്ലകളിലായി 20 മ്യാൻമറീസ് നിയമസഭാംഗങ്ങൾ ഉൾപ്പടെ 9,450 അഭയാർത്ഥികൾ അഭയം പ്രാപിച്ചിരുന്നു. വെള്ളിയാഴ്ചത്തെ സംഭവത്തിന് ശേഷം ഇത് ഇപ്പോൾ 11,065 ആയി ഉയർന്നിട്ടുണ്ട്. എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

മ്യാൻമാറുമായി 510 കിലോമീറ്റർ നീളത്തിൽ അന്താരാഷ്ട്ര അതിർത്തി മിസോറം പങ്കിടുന്നുണ്ട്.

മ്യാൻമാറിൽ പട്ടാള അട്ടിമറിക്ക് ശേഷം മാർച്ച് മുതൽ ആയിരക്കണക്കിന് അഭയാർഥികളാണ് അതിർത്തി കടന്ന് മിസോറാമിലേക്ക് എത്തിയത്. അതിനിടയിൽ അതിർത്തികൾ അടയ്ക്കാൻ കേന്ദ്രം ഉത്തരവിട്ടെങ്കിലും സോറാംതംഗയുടെ നേതൃത്വത്തിലുള്ള മിസോറാം നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) സർക്കാർ അഭയാർത്ഥികളെ സ്വാഗതം ചെയ്യുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Myanmar violence refugees cross over into mizoram

The moderation of comments is automated and not cleared manually by malayalam.indianexpress.com