ന്യൂഡൽഹി: മ്യാന്മറിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന റോഹിങ്ക്യൻ മുസ്ലിങ്ങളുടെ രേഖകൾ പരിശോധിക്കാൻ തയാറാണെന്ന് ഭരണാധികാരി ഓങ് സാൻ സൂചി. ഓഗസ്റ്റ് 25 മുതൽ മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യൻ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന പട്ടാള അതിക്രമവുമായി ബന്ധപ്പെട്ട് നൊബേൽ സമ്മാന ജേതാവായ ഓങ് സാൻ സൂചി ആദ്യമായാണ് പ്രതികരിക്കുന്നത്.

ഈ അക്രമത്തിന്റെ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് താനും ഭരണകൂടവുമെന്ന് പറഞ്ഞ സൂചി, വേഗത്തിൽ ഇതിന് അവസാനം കാണാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും വിശദീകരിച്ചു.

“മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മ്യാന്മർ വിഭജിക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രിക്കുന്നില്ല. വിദ്വേഷവും ഭയവും മഹാവിപത്താണ്”, സൂചി മ്യാന്മറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. പട്ടാള ഭരണത്തിനിടെ മ്യാന്മറിൽ 15 വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞ സൂചി, മനുഷ്യാവകാശങ്ങളെ കാറ്റിൽ പറത്തിയുള്ള അക്രമത്തെ അപലപിച്ചു. രാജ്യത്ത് സമാധാനം ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിന്റേതാണെന്നും അവർ വ്യക്തമാക്കി.

സംഭവത്തിൽ സൂചി തുടരുന്ന മൗനം അന്താരാഷ്ട്ര തലത്തിൽ തന്നെ വിമർശിക്കപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook