/indian-express-malayalam/media/media_files/uploads/2020/01/firing.jpg)
മ്യാൻമറിൽ സുരക്ഷാ സേന 91 പേരെ കൊലപ്പെടുത്തിയതായി മ്യാൻമർ മാധ്യമങ്ങൾ. കഴിഞ്ഞ മാസത്തെ സൈനിക അട്ടിമറിക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ പ്രക്ഷോഭകർ സുരക്ഷാ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദിനമാണ് ഇതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മാർച്ച് 14 ന് 75നും 90നും ഇടയിൽ ആളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
ശനിയാഴ്ച മരണസംഖ്യ 91 ആയി ഉയർന്നെന്ന് വാർത്താ സൈറ്റായ മ്യാൻമർ നൗ റിപ്പോർട്ട് ചെയ്തു. 20ലധികം നഗരങ്ങളിലും പട്ടണങ്ങളിലും ഏറ്റുമുട്ടലുകളും സംഘർഷവുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകങ്ങൾ അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ടു. കുട്ടികളടക്കമുള്ള സിവിലിയന്മാരെ കൊലപ്പെടുത്തിയതിൽ വിവധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ മ്യാൻമറിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
മ്യാൻമറിലെ സുരക്ഷാ സേനകൾ ഭീതിയും അപമാനവും പടർത്തുകയാണെന്ന് യൂറോപ്യൻ യൂണിയന്റെ മ്യാൻമറിലെ പ്രതിനിധി സംഘം ട്വിറ്ററിൽ പറഞ്ഞു.“കുട്ടികളടക്കം നിരായുധരായ സാധാരണക്കാരെ കൊല്ലുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല,” എന്നും ട്വീറ്റിൽ പറയുന്നു.
ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ സൈനിക ഭരണകൂടത്തിനെതിരായ പ്രതിഷേധം മ്യാൻമറിൽ തുടരുകയാണ്. പ്രതിഷേധക്കാർക്കെതിരായി സൈനിക നടപടികളിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.
അട്ടിമറിക്ക് ശേഷമുള്ള ആക്രമണങ്ങളിൽ ആകെ 328 പേർ കൊല്ലപ്പെട്ടതായി അസോസിയേഷൻ ഓഫ് പൊളിറ്റിക്കൽ പ്രിസൺസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.